തിരുവനന്തപുരം: തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്നുമുതല്‍ ഒരു ന്യുനമര്‍ദ്ദം രൂപപ്പെടുവാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ സാധ്യതയെ തുടര്‍ന്ന് ബന്ധപ്പെട്ട പ്രദേശങ്ങള്‍ കാലാവസ്ഥാ കേന്ദ്രം വളരെ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ന്യുനമര്‍ദ്ദത്തിന്റെ തുടര്‍ വികാസത്തെ കുറിച്ചുള്ള വിവരങ്ങള്‍ ആരായുവാന്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ 1800 220 161 എന്ന നമ്പറില്‍ ബന്ധപ്പെടണം. ഇന്ന് തെക്ക് ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്തും ഭൂമധ്യരേഖയോട് ചേര്‍ന്നുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിലും കാറ്റിന്റെ വേഗത മണിക്കൂറില്‍ 35 മുതല്‍ 45 കി.മി വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കി.മി വരെയും ഉയരുവാന്‍ സാധ്യതയുണ്ട്, നാളെ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ഭൂമധ്യരേഖയോട് ചേര്‍ന്നുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിലും കാറ്റിന്റെ വേഗത മണിക്കൂറില്‍ 40 മുതല്‍ 50 കി.മി വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കി.മി വരെയും ഉയരുവാന്‍ സാധ്യതയുണ്ട്.
വ്യാഴാഴ്ച തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ഭൂമധ്യരേഖയോട് ചേര്‍ന്നുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിലും കാറ്റിന്റെ വേഗത മണിക്കൂറില്‍ 40 മുതല്‍ 50 കി.മി വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കി.മി വരെയും ഉയരുവാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ കടല്‍ പ്രക്ഷുബ്ദമോ അതി പ്രക്ഷുബ്ദമോ ആകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ 13 വരെ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദേശമുണ്ട്.