കല്‍പ്പറ്റ: വയനാട് ബാണാസുര ഡാം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് തുറക്കും. ഡാമില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തെ തുടര്‍ന്നാണ് ഡാം തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിവിടാന്‍ തീരുമാനിച്ചിരിക്കുന്നത്. ബാണാസുര ഡാമിന്റെ ഒരു ഷട്ടര്‍ തുറന്ന് 10 സെ.മീ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുക എന്ന് അധികൃതര്‍ അറിയിച്ചു.
രാവിലെ 9.30 ന് തുറക്കാന്‍ സാധ്യതയുണ്ടെന്നാണ് ആദ്യം അറിയിച്ചത്. എന്നാല്‍, സമീപ പ്രദേശത്ത് നിന്ന് ആളുകളെ മാറ്റേണ്ടതിനാല്‍ ഉച്ചകഴിഞ്ഞ് മൂന്നിന് ഡാം തുറന്നാല്‍ മതിയെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. രാവിലെ 7.30 മുതല്‍ ജനങ്ങളെ മാറ്റാന്‍ ആരംഭിക്കും. സമീപ പ്രദേശത്തുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണം. സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് എല്ലാവരും മാറണം. പരിഭ്രാന്തി വേണ്ടെന്നും ജാഗ്രത പാലിക്കുകയാണ് ആവശ്യമെന്നും അധികൃതര്‍ പറയുന്നു.
ബാണാസുര ഡാമിന്റെ പരമാവധി സംഭരണശേഷി 774 മീറ്ററാണ്. നിലവില്‍ 773 മീറ്റര്‍ വെള്ളം ഡാമിലുണ്ട്. ഒരു മീറ്റര്‍ മാത്രമാണ് പരമാവധി സംഭരണശേഷിയിലേക്ക് ഉള്ളത്. വയനാട് കനത്ത മഴ തുടരുകയാണ്. മറ്റ് ജില്ലകളില്‍ നിന്ന് വ്യത്യസ്തമായി വയനാട് ജില്ലയില്‍ ശക്തമായ മഴയും മണ്ണിടിച്ചിലും ഇപ്പോഴും ഉണ്ട്. നേരത്തെ ഉണ്ടായ ഉരുള്‍പ്പൊട്ടലുകളാണ് ഡാമുകളില്‍ അതിവേഗം വെള്ളം നിറയാന്‍ കാരണം. ഡാം ഇപ്പോള്‍ പരമാവധി സംഭരണശേഷിയിലേക്ക് എത്തി തുടങ്ങിയിട്ടുണ്ട്. അതിനാലാണ് അതിവേഗം ബാണാസുര ഡാം തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കാന്‍ തീരുമാനിച്ചത്.