കല്‍പ്പറ്റ: കനത്ത മഴയില്‍ ബാണാസുരസാഗര്‍ ഡാം ഷട്ടര്‍ തുറക്കുന്നതിനു മുമ്പ് സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങള്‍ ബാണാസുര സാഗറില്‍ പൂര്‍ത്തിയാക്കി. ഷട്ടര്‍ തുറക്കുന്നതിന് മൂന്നു നാലു തവണ മുമ്പ് സൈറണ്‍ മുഴക്കും. മഴയുടെ തുടക്കത്തില്‍ ഡാം നിറയ്‌ക്കേണ്ടതില്ലെന്ന കേന്ദ്ര വാട്ടര്‍ കമ്മീഷണറുടെ ഉത്തരവ് പാലിക്കും. ഒരു മുന്നറിയിപ്പുമില്ലാതെ കഴിഞ്ഞ പ്രളയകാലത്ത് രാത്രി കാലങ്ങളിലടക്കം ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറന്ന് വിട്ടത് വലിയ നാശ നഷ്ടങ്ങള്‍ ഉണ്ടാക്കിയിരുന്നു.അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കുന്ന സമയത്ത് പരിസരത്ത് മീന്‍ പിടുത്തം അനുവദിക്കില്ല. അണക്കെട്ടില്‍ ബ്ലു, ഓറഞ്ച്, റെഡ് അലര്‍ട്ട് വാട്ടര്‍ ലെവല്‍ നിജപ്പെടുത്തിയിട്ടുണ്ട്. മഴ തുടങ്ങിയാല്‍ രണ്ടാഴ്ചയിലൊരിക്കല്‍ പരിശോധിച്ച് അധിക ജലം തുറന്നുവിടും. അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ ശബ്ദം കേള്‍പ്പിക്കുന്ന വലിയ സൈറണ്‍ ഡാമിനടുത്ത് സ്ഥാപിച്ചിട്ടുണ്ട്. മഴ കുറവാണെങ്കിലും ഏതു സമയത്തും പ്രളയം ഉണ്ടാകാമെന്ന രീതിയില്‍ ജാഗ്രത പാലിക്കാന്‍ ഡാം അധികൃതര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ പ്രളയകാലത്തേതില്‍ നിന്നും വ്യത്യസ്തമായി നാട്ടുകാരുടെ ഭീതി അകറ്റാനുള്ള മുന്നൊരുക്കങ്ങള്‍യെല്ലാം പൂര്‍ത്തിയാക്കിയതായി അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം യാതൊരു മുന്നറിയിപ്പുമില്ലാതെ ഡാം തുറന്ന് വിട്ടത് ഏറെ വിവാദമായിരുന്നു. അഞ്ച് പഞ്ചായത്തുകളിലെ പ്രളയത്തിന് ഡാം തുറന്ന് വിട്ടത് കാരണമായെന്ന ആരോപണം ഇപ്പോഴും നിലനില്‍ക്കുകയാണ്. യാതൊരു മുന്നറിയിപ്പില്ലാതെ ബാണാസുര സാഗര്‍ ഡാം തുറന്നുവിട്ടതോടെയാണ് കോട്ടത്തറ, പടിഞ്ഞാറത്തറ, പനമരം, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തുകളും മാനന്തവാടി നഗരസഭയുടെ വിവിധ ഭാഗങ്ങളിലും ക്രമാതീതമായി വെള്ളം കയറിയത്. കോട്ടത്തറയില്‍ ഏക്കര്‍ കണക്കിന് കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലായി. പനമരത്ത് നിരവധി വ്യവസായ യൂണിറ്റുകളടക്കം വെള്ളം കയറി നശിച്ചു.
കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് ഈ പഞ്ചായത്തുകളില്‍ മാത്രമായുള്ളത്. നിരവധി റോഡുകളും ഈ പ്രദേശങ്ങളില്‍ വെള്ളം കയറി നശിച്ചു. കിടപ്പാടവും കൃഷിയിടവും നഷ്ടപ്പെട്ടവരും നിരവധിയാണ്. ഇന്നും ആ പ്രദേശങ്ങളെല്ലാം അതിജീവിക്കാന്‍ പാടുപെട്ടുകൊണ്ടിരിക്കുകയാണ്. കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് ചില സന്നദ്ധ സംഘടനകള്‍ വീട് വെച്ച് കൊടുത്തതൊഴിച്ചാല്‍ പനമരം ഗ്രാമപഞ്ചായത്തിലടക്കം നിരവധി പേര്‍ ഇപ്പോഴും ദുരിതം പേറുകയാണ്. ബാണാസുരസാഗര്‍ ഡാം ജലനിരപ്പ് തുടര്‍ച്ചയായി നിരീക്ഷിച്ച് അതെപ്പോള്‍ തുറക്കണം എന്ന കാര്യത്തില്‍ മുന്നറിയിപ്പ് പുറപ്പെടുവിക്കണം എന്നാണ് ചട്ടമെങ്കിലും അതും കഴിഞ്ഞ വര്‍ഷം പാലിക്കപ്പെട്ടില്ല. ഒ ആര്‍ കേളു എം എല്‍ എയും, സി.പി.എം മുഖപത്രവും ഡാം തുറന്നത് പ്രളയദുരിതം കൂട്ടിയെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
- 6 years ago
chandrika
Categories:
Video Stories