X

ബാണാസുര അണയില്‍ മീന്‍ പിടിക്കുന്നതിന് ആദിവാസികള്‍ക്ക് വിലക്ക്‌; വലകള്‍ നശിപ്പിച്ചു

കല്‍പറ്റ: വര്‍ഷങ്ങളോളമായി പടിഞ്ഞാറത്തറ ബാണാസുര അണയില്‍ മീന്‍പിടിച്ച് ഉപജീവനം നടത്തിവരുന്ന ആദിവാസി വിഭാഗങ്ങളുടെ വലകള്‍ ഡാം അധികൃതര്‍ നശിപ്പിച്ചു. രണ്ട് വര്‍ഷം മുമ്പ് രൂപീകരിച്ച റിസര്‍വോയര്‍ ഫിഷറീസ് സംഘത്തിലെ അംഗങ്ങളുടേതടക്കം വലകളാണ് നശിപ്പിച്ചത്. റിസര്‍വോയറില്‍ മീന്‍ പിടിക്കുന്നതിന് നിലവില്‍ ആരുമായും കെ.എസ്.ഇ.ബി കരാറില്‍ എര്‍പ്പെട്ടിട്ടില്ല. ഇക്കാര്യവും അപകട സാധ്യതയും ചൂണ്ടിക്കാട്ടിയാണ് അധികൃതരുടെ നടപടി.

തരിയോട് പതിനൊന്നാം മൈല്‍ മാങ്കോട് കോളനിയിലെ ഏഴു കുടുംബങ്ങളുടെ മാത്രമായി 15,000 രൂപ വിലവരുന്ന വലകള്‍ ഉദ്യോഗസ്ഥര്‍ നശിപ്പിച്ചു. കഴിഞ്ഞ വര്‍ഷം അണയില്‍ കുട്ടത്തോണി മറിഞ്ഞപ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതിനു ഭരണാധികാരികളുടെയടക്കം പ്രശംസ നേടിയ ജിഷ്ണുവിന്റെ വലകളും നശിപ്പിച്ചതില്‍ ഉള്‍പ്പെടും. തരിയോട് മലകളില്‍ കാലിമേച്ച് ജീവിതം നയിച്ചിരുന്നവരാണ് മാങ്കോട് കോളനിക്കാര്‍.

കുറച്ചുകാലമായി അണയില്‍നിന്നു മീന്‍ പിടിച്ചു വിറ്റാണ് ഉപജീവനം. ഇതിനു ആരും തടസം പറഞ്ഞിരുന്നില്ല. റിസര്‍വോയര്‍ ഫിഷറീസ് സംഘം രൂപീകരിച്ചപ്പോള്‍ ആദിവാസികള്‍ അതില്‍ അംഗങ്ങളായി. ഇവര്‍ക്ക് ഫിഷറീസ് വകുപ്പ് കുട്ടത്തോണിയും വലയും മീന്‍ വില്‍പനയ്ക്ക് പകുതി വിലയ്ക്ക് വാഹനവും ലഭ്യമാക്കിയിരുന്നു. അണയില്‍നിന്നു മീന്‍ പിടിക്കുന്നതിനു 90 പേര്‍ക്കാണ് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിരുന്നത്. നാലു പേരുടെ മരണത്തിനിടയാക്കിയ കുട്ടത്തോണി അപകടത്തിന്റെ പശ്ചാത്തലത്തിലാണ് മീന്‍ പിടിത്തം തടസപ്പെടുത്തിയതെന്നാണ് ഡാം അധികൃതരുെട വാദം. മീന്‍ പിടിത്തത്തിനുമുള്ള അനുമതിയുമായി ബന്ധപ്പെട്ട് മാസങ്ങള്‍ മുമ്പ് കത്തയച്ചെങ്കിലും ഫിഷറീസ് വകുപ്പ് പ്രതികരിച്ചില്ലെന്നും അവര്‍ പറയുന്നു.

chandrika: