X

ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച് നാടകം

ന്യൂഡല്‍ഹി: നാഥുറാം വിനായക് ഗോഡ്‌സെയെ നായകനാക്കിയ നാടകം അരങ്ങിലെത്തിച്ച സംഭവത്തില്‍ ബനാറസ് ഹിന്ദു സര്‍വകലാശാല വിവാദത്തിലായി. സര്‍വകലാശാല സംഘടിപ്പിച്ച സംസ്‌കൃതി ത്രിദിന ഫെസ്റ്റിവലിലാണ് നാടകം അവതരിപ്പിച്ചത്.

‘ഞാനെന്തിന് ഗാന്ധിയെ കൊന്നു’ എന്ന നാടകത്തിന്റെ വീഡിയോ വൈറലായതോടെ പരാതിയുമായി ഒരു കൂട്ടം വിദ്യാര്‍ഥികള്‍ രംഗത്തെത്തി. ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച നാടകത്തില്‍ ഗാന്ധിജിയെയും സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെയും രാഷ്ട്രത്തെയും നാടകം അപമാനിക്കുകയാണെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. നാടകത്തില്‍ ഗോഡ്‌സെയുടെ കഥാപാത്രം പറയുന്ന പല സംഭാഷണങ്ങള്‍ക്കും മികച്ച പ്രതികരണമാണ് കാണികളില്‍ നിന്നുയര്‍ന്നത്. ഇത് അപകടകരമായ സൂചനയാണെന്നും പരാതി ഉന്നയിച്ചവര്‍ ചൂണ്ടിക്കാട്ടുന്നു.

‘ഒരു ഹിന്ദുവായി ജനിച്ചതില്‍ എനിക്ക് അഭിമാനമാണ്. അക്രമമെന്ന ആശയം കേട്ടാല്‍ത്തന്നെ ഗാന്ധിക്ക് ദേഷ്യം വരുമായിരുന്നു. അദ്ദേഹം മുസ്്‌ലിംകള്‍ക്ക് വേണ്ടിയാണ് നിലകൊണ്ടത്. എനിക്കത് സഹിക്കാനാകുമായിരുന്നില്ല, അതുകൊണ്ട് ഞാന്‍ ഗാന്ധിയെ കൊന്നുവെന്ന്’ ഗോഡ്‌സെയുടെ കഥാപാത്രം ഈ വാചകം പറയുമ്പോള്‍ സദസ് നിറഞ്ഞ കയ്യടിയോടെയാണ് വരവേറ്റത്.
നാടകാവതരണം ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇതിനു പിന്നിലെ രഹസ്യ അജണ്ടയെക്കുറിച്ച് അന്വേഷിക്കണമെന്നുമാണ് വിദ്യാര്‍ഥികള്‍ പരാതിയില്‍ പറയുന്നത്. ഗാന്ധിജിയെ അപകീര്‍ത്തിപ്പെടുത്താനും ഗോഡ്‌സെയെ പ്രകീര്‍ത്തിക്കാനുമാണ് നാടകത്തിലൂടെ ശ്രമിക്കുന്നത്.

ഹിന്ദു ബനാറസ് സര്‍വ്വകലാശാലക്ക് തറക്കല്ലിട്ടത് ഗാന്ധിജിയാണ്. സ്ഥാപകനായ മദന്‍ മോഹന്‍ മാളവ്യയുമായി അദ്ദേഹത്തിന് അടുത്ത ബന്ധമാണുണ്ടായിരുന്നത്. അങ്ങനെയൊരിടത്ത് ഗാന്ധിജി അപമാനിക്കപ്പെടുന്നത് എങ്ങനെ അംഗീകരിക്കാനാവുമെന്നും. പരാതിയില്‍ ചോദിക്കുന്നു. സര്‍വ്വകലാശാല അധികൃതരില്‍ നിന്ന് ഇതേ കുറിച്ച് പ്രതികരണങ്ങള്‍ ലഭ്യമായിട്ടില്ല. അതേസമയം, വിദ്യാര്‍ഥികള്‍ പരാതി നല്‍കിയതായും അത് പൊലീസിന് കൈമാറിയിട്ടുണ്ട്.

chandrika: