കല്‍പ്പറ്റ: വിലകൂടുന്നത് കണ്ട് കുല വെട്ടി മാര്‍ക്കറ്റിലെത്തുമ്പഴേക്കും വില കുത്തനെ ഇടിയുന്ന സാഹചര്യത്തില്‍ നേന്ത്രവാഴകര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍. തലേന്നത്തെ വിലയില്‍ 10 രൂപയോളമാണ് ഒരു കിലോക്ക് പിറ്റേന്നത്തേക്ക് കുറയുന്നത്. രണ്ട് ദിവസം മുമ്പ് 27 രൂപ വിലയുണ്ടായിരുന്ന നേന്ത്രവാഴക്ക് ഇന്നലെ 19-20 രൂപമാത്രമാണ് കിലോക്ക് മാര്‍ക്കറ്റില്‍ ലഭിച്ചത്. ഇതോടെ മുടക്കമുതല് പോലും തിരിച്ചുകിട്ടാതെ കര്‍ഷകര്‍ കടക്കെണിയിലേക്ക് നീങ്ങുകയാണ്. പ്രളയത്തില്‍ സര്‍വ്വതും തകര്‍ന്ന കര്‍ഷകര്‍ അവസാനത്തെ പ്രതീക്ഷയെന്ന നിലക്കാണ് ഇത്തവണ നേന്ത്രവാഴക്കൃഷിക്കിറങ്ങിയത്. ബാങ്ക് ലോണെടുത്തും സ്വര്‍ണ്ണം പണയം വെച്ചും കൃഷി ചെയ്ത വാഴക്കൃഷിക്കാണ് മാര്‍ക്കറ്റില്‍ വിലയില്ലാതാവുന്നത്. താരതമ്യേന നല്ല കുലകളായിട്ടും വിലക്കുറവ് കാരണം കര്‍ഷകര്‍ക്ക് നിരാശയാണ് ബാക്കിയാവുന്നത്. ഓണമടുത്ത സീസണില്‍ മികച്ച വില ലഭിക്കുമെന്ന പ്രതീക്ഷകള്‍ അസ്താനത്താക്കി വില ഇരുപതില്‍ താഴെയത്തിയതോടെ ജില്ലയിലെ പലയിടങ്ങളിലും നേന്ത്രവാഴക്കുകള്‍ പഴുത്ത് നശിക്കുകയാണ്.
ഉല്‍പ്പാദനച്ചെലവിന് അനുസൃതമായി വില കിട്ടാത്തതിനാല്‍ നേന്ത്രവാഴ കൃഷി ഉപേക്ഷിക്കാനൊരുങ്ങുകയാണ്. കര്‍ഷകര്‍ കന്നു നടാനുള്ള കുഴിയെടുപ്പ് മുതല്‍ കുല വിരിയുന്നത് വരെ ചിലവുകളാണ് വാഴക്ക്. 100 വാഴവച്ചാല്‍ 70 കുലയേ കിട്ടൂ. മറ്റുള്ളവ കൂമ്പടയല്‍, തണ്ടു തുരപ്പന്‍, കോക്കാന്‍ തുടങ്ങിയ കേടുകളില്‍ പെട്ടുപോകും. പേമാരി, ചുഴലിപോലുള്ളവയുണ്ടായാല്‍ ചിലപ്പോള്‍ വാഴയുടെ തോട്ടം തന്നെ നശിക്കും. എല്ലാത്തിനേയും അതിജീവിച്ച് വിളവെടുപ്പു കഴിഞ്ഞാലോ ഒരു കുലയിന്മേല്‍ ഉല്‍പ്പാദനച്ചെലവിനേക്കാള്‍ ശരാശരി 100 രൂപയുടെ നഷ്ടം. ഈ നിലയില്‍ കര്‍ഷകര്‍ എങ്ങനെ നേന്ത്രവാഴ കൃഷിയിറക്കുമെന്നാണ് കാലങ്ങളായി പാടത്ത് നേന്ത്രവാഴ കൃഷി ചെയ്തുവരുന്ന കര്‍ഷകര്‍ പറയുന്നത്. ജില്ലയില്‍ നേന്ത്രക്കായയുടെ വിലത്തകര്‍ച്ച അക്ഷരാര്‍ത്ഥത്തില്‍ കര്‍ഷകന്റെ നട്ടെല്ലൊടിക്കുകയാണ്. പുറമെനിന്നുള്ള കായയുടെ വരവ് കുറയുന്ന ഘട്ടത്തിലും വിശേഷാവസരങ്ങളിലും മറ്റും അല്‍പ്പം വില ഉയര്‍ന്നാലും അതിന്റെ പ്രയോജനവും ഇടത്തട്ടുകാര്‍ തട്ടിയെടുക്കുകയാണ്. ബാങ്കില്‍ നിന്ന് വായ്പയെടുത്തും മൊത്തക്കച്ചവടക്കാരില്‍നിന്ന് അഡ്വാന്‍സ് വാങ്ങിയും മറ്റുമാണ് പല കര്‍ഷകരും കൃഷിയിറക്കുന്നത്. എന്നാല്‍ വായ്പ തിരിച്ചടക്കാതെ പലരും ബാങ്കുകളില്‍നിന്ന് ജപ്തി ഭീഷണി നേരിടുകയാണ്. മൊത്ത ക്കച്ചവടക്കാരില്‍നിന്ന് പണം മുന്‍കൂര്‍ വാങ്ങിയവര്‍ക്ക് അവര്‍ തരുന്ന വിലയ്ക്ക് കായ നല്‍കേണ്ടിയും വരുന്നു. ഓണക്കാലവും ഇക്കുറി കര്‍ഷകനെ ചതിക്കുകയാണെങ്കില്‍ തിരിച്ചുവരവ് അസാധ്യമാവും വിധം കടക്കെണിയിലാവും ജില്ലയിലെ നേന്ത്രവാഴകര്‍ഷകര്‍.
- 5 years ago
chandrika
മാറിമറിഞ്ഞ് നേന്ത്രവാഴ വില; കടുത്ത പ്രതിസന്ധിയില്‍ കര്‍ഷകര്‍
Tags: Wayanad news