X

വയനാട് ചുരത്തില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നതിന് നിരോധനം

കോഴിക്കോട്: താമരശ്ശേരി- വയനാട് ചുരത്തില്‍ നവംബര്‍ ഒന്നു മുതല്‍ വാഹന പാര്‍ക്കിംഗ് നിരോധിക്കുന്നതിന് ജില്ലാ കളക്ടര്‍ യു.വി. ജോസിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന താമരശ്ശേരി ചുരം അവലോകന യോഗം തീരുമാനിച്ചു. ചുരത്തിലെ വ്യൂ പോയന്റില്‍ ഉള്‍പ്പെടെ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് പ്രകൃതി ഭംഗി ആസ്വദിക്കുന്നത് മറ്റു വാഹനങ്ങളുടെ കടന്നുപോക്ക് തടസപ്പെടുത്തുന്നുവെന്ന പരാതി മൂലമാണ് വാഹന പാര്‍ക്കിംഗ് നിരോധിക്കുന്നത്. പകരം ലക്കിടിയില്‍ വാഹന പാര്‍ക്കിംഗ് സ്ഥലം തയ്യാറാക്കി വ്യൂ പോയന്റിലേക്ക് സഞ്ചാരികള്‍ക്ക് നടന്ന് പോകാനുള്ള സൗകര്യം ഉണ്ടാക്കും. ഇതിനുളള നടപടി വയനാട് ജില്ലാ ഭരണകൂടം സ്വീകരിക്കും.

ചുരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ നവംബര്‍ 1 മുതല്‍ പുതിയ സംവിധാനം ആരംഭിക്കും. ലക്കിടി മുതല്‍ ഒന്‍പതാം ഹെയര്‍പിന്‍ വളവ് വരെ വയനാട് ഡിടിപിസിയും തുടര്‍ന്നുളള ഭാഗം ഒന്നാം വളവുവരെ കോഴിക്കോട് ഡി.ടി.പി.സിയും പുതുപ്പാടി പഞ്ചായത്തും മാലിന്യമുക്തമാക്കാന്‍ നടപടികളെടുക്കും. ചുരത്തില്‍ അറവുമാലിന്യങ്ങളും സെപ്റ്റിക് മാലിന്യങ്ങളും തള്ളുന്നത് തടയാന്‍ സി.സി.ടി.വി സ്ഥാപിക്കാന്‍ നടപടിയാരംഭിക്കും. മാലിന്യ നിര്‍മാര്‍ജന ബോധവത്ക്കരണ ബോര്‍ഡുകളും ചുരത്തില്‍ സ്ഥാപിക്കും. യാത്രക്കാരുള്‍പ്പെടെ ചുരത്തിലേക്ക് ഭക്ഷ്യവസ്തുക്കളുടെ അവശിഷ്ടങ്ങള്‍ വലിച്ചെറിയുന്നത് വലിയ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

ചുരം റോഡിലെ അറ്റകുറ്റുപണികള്‍ അടിയന്തിരമായി നടത്തും. 2,4,9 ഹെയര്‍പിന്‍വളവുകള്‍ ഇന്റര്‍ലോക്ക് ചെയ്തിട്ടുണ്ട്. 6,7,8 ഹെയര്‍ പിന്‍ വളവുകളുടെ വീതി കൂട്ടുന്നതിനായി 0.92 ഹെക്ടര്‍ ഭൂമി വനംവകുപ്പില്‍ നിന്ന് ലഭിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ വനംവകുപ്പില്‍ നിന്ന് അനുകൂല നിലപ്പാടാണുളളത്. 3,5 ഹെയര്‍ പിന്‍ വളവുകള്‍ വീതി കൂട്ടാനായി സ്വകാര്യ വ്യക്തിയില്‍ നിന്നും ഭൂമി ഏറ്റെടുക്കും. റോഡ് നവീകരണവും വീതി കൂട്ടുന്നതും സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കാനായി പൊതുമരാമത്ത്, വനം വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തില്‍ യോഗം ചേരും. ചുരം റോഡ് നവീകരണത്തിനായി 75 ലക്ഷം രൂപയുടെ പദ്ധതി നിലവിലുണ്ട്.

ചുരം മുഴുവന്‍ വൈദ്യുതി വിളക്കുകള്‍ സ്ഥാപിക്കാനുളള നടപടികളാരംഭിക്കും. അതിനായി 3 കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയിട്ടുളളത്. ആവശ്യമെങ്കില്‍ സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കാന്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്.

ചുരത്തിലെ ഹോര്‍ഡിംഗ്സുകള്‍ മാര്‍ച്ച് 31 ന് ശേഷം നീക്കം ചെയ്യും. അനധികൃത ഹോര്‍ഡിംഗുകള്‍ ഉടന്‍ നീക്കം ചെയ്യും. ചുരത്തില്‍ ഇനി പുതിയ ഹോര്‍ഡിംഗുകള്‍ക്ക് അനുമതി നല്‍കില്ല. ചുരത്തിലെ അനധികൃത നിര്‍മ്മാണ പ്രവൃത്തികള്‍ക്കെതിരെ റീജിനല്‍ ടൗണ്‍ പ്ലാനറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുതുപ്പാടി പഞ്ചായത്ത് നടപടിയാരംഭിക്കും. ചുരത്തിലെ അപകടാവസ്ഥയിലുള്ള മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ചു മാറ്റും. ചുരത്തിലൂടെ ഓവര്‍ലോഡ് കയറ്റി വരുന്ന വാഹനങ്ങള്‍ക്കെതിരെ പോലീസ് നടപടിയാരംഭിക്കും. വെയ്ബ്രിഡ്ജ് സ്ഥാപിക്കാന്‍ എം.ഐ ഷാനവാസ് എം.പി ഫണ്ട് നല്‍കുമെന്നും അറിയിച്ചു. ചുരത്തിലെ അപകടങ്ങള്‍ തടയാന്‍ ഫയര്‍ സര്‍വീസ് മെഡിക്കല്‍ എയ്ഡ് ക്ലിനിക്കും ആരംഭിക്കും. യാത്രക്കാര്‍ക്കായി തകരപ്പാടിയില്‍ ടോയ്ലറ്റ് സൗകര്യവും ഒരുക്കും.

എം.ഐ. ഷാനവാസ് എം.പി, വയനാട് ജില്ലാ കളക്ടര്‍ എസ്. സുഹാസ്, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷകുമാരി തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.

chandrika: