X

ട്രോളിങ് നിരോധനം നാളെ അര്‍ധരാത്രി മുതല്‍

മലപ്പുറം: മണ്‍സൂണ്‍കാല ട്രോളിങ് നിരോധനം നാളെ അര്‍ധരാത്രി മുതല്‍ ആരംഭിക്കും. നിലവിലെ കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം എന്നും സുരക്ഷാ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.

ഫിഷറീസ്, ഹാര്‍ബര്‍ എഞ്ചിനീയറിങ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, പൊലീസ് വകുപ്പുകളുടെ ഏകോപനത്തില്‍ കൃത്യമായ സുരക്ഷാ ക്രമീകരണങ്ങളാണ് ട്രോളിങ് നിരോധന കാലയളവില്‍ ജില്ലയില്‍ ഒരുക്കുന്നത്. ഫിഷറീസ് വകുപ്പിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പൊന്നാനി ഹാര്‍ബറിനടുത്ത് പ്രവര്‍ത്തിക്കുന്ന ഫിഷറീസ് സ്‌റ്റേഷനില്‍ മെയ് 15 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

മാസ്റ്റര്‍ കണ്‍ട്രോള്‍ റൂം ഫിഷറീസ് ഡയറക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ട്രോളിങ് നിരോധന കാലയളവില്‍ കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും കടല്‍ പട്രോളിങിനുമായി പൊന്നാനി, താനൂര്‍ ബേയ്‌സുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതിനായി രണ്ട് പട്രോള്‍ ബോട്ടുകള്‍ വാടകയ്‌ക്കെടുത്തിട്ടുണ്ട്.

കൂടാതെ കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പൊന്നാനി, താനൂര്‍ ബേയ്‌സുകള്‍ കേന്ദ്രീകരിച്ച് സീ റസ്‌ക്യൂ ഗാര്‍ഡുമാരെയും ഗ്രൗണ്ട് റസ്‌ക്യൂ ഗാര്‍ഡുമാരെയും നിയമിച്ചിട്ടുണ്ട്. പ്രധാന ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. അന്യസംസ്ഥാന ബോട്ടുകള്‍ ട്രോള്‍ബാന്‍ ആരംഭിക്കുന്നതിന്റെ തലേദിവസം തന്നെ സംസ്ഥാനം വിട്ടു പോവണം.

നിരോധിക്കപ്പെട്ട മത്സ്യബന്ധന രീതികള്‍ നടത്തിയാല്‍ ശക്തമായ നടപടി എടുക്കുമെന്നും കളര്‍കോഡിങ് പൂര്‍ത്തീകരിക്കാത്ത യാനങ്ങള്‍ അടിയന്തിരമായി അവ പൂര്‍ത്തീകരിക്കണമെന്നും കാലാവസ്ഥാ മുന്നറിയിപ്പ് മത്സ്യത്തൊഴിലാളികള്‍ കര്‍ശനമായി പാലിക്കണമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.വി പ്രശാന്തന്‍ യോഗത്തില്‍ അറിയിച്ചു.

 

webdesk14: