X

ട്രോളിങ് നിരോധനം; തൊഴില്‍ രഹിതരാവുക നാല് ലക്ഷത്തോളം പേര്‍

52 ദിവസം നീണ്ട് നില്‍ക്കുന്ന ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരുന്ന തോടെ പ്രത്യക്ഷമായും പരോക്ഷമായും നാല് ലക്ഷത്തോളം പേര്‍ തൊഴില്‍ രഹിതരാകും. സംസ്ഥാനത്തെ വിവിധ ഹാര്‍ബറുകളിലായി 4,200ലേറെ ബോട്ടുകളാണുള്ളത്.നിരോധനനത്തിന് മുന്നോടിയായി മത്സ്യബന്ധന ബോട്ടുകളിലും ഹാര്‍ബറുകളിലുമായി തൊഴിലെടുക്കുന്ന ഇതര സംസ്ഥാനക്കാരടക്കമുള്ളവര്‍ നാട്ടിക്കേ് മടങ്ങി തുടങ്ങി. പേഴ്‌സിന്‍ നെറ്റ് ബോട്ടുകളില്‍ ജോലി ചെയ്യുന്നവര്‍ ഏറെയും സ്വദേശികളാണ്. ഗില്‍നെറ്റ്, ട്രോള്‍ നെറ്റ് ബോട്ടുകളിലെ തൊഴിലാളികളില്‍ ഭൂരിഭാഗവും തമിഴ്‌നാട് കുളച്ചല്‍ സ്വദേശികളുമാണ്. ട്രോളിങ് നിരോധനം ആരംഭിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ഭൂരിഭാഗം ബോട്ടുകളും മത്സ്യബന്ധനം നിര്‍ത്തി.

85 ശതമാനത്തോളം ബോട്ടുകള്‍ ഹാര്‍ബറുകളിലും യാര്‍ഡുകളിലും കയറ്റിയിട്ടിരിക്കുകയാണെന്ന് ഫിഷിങ് ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കൊച്ചി മേഖല പ്രസിഡന്റ് ടി.യു ഫൈസല്‍ പറയുന്നു. വര്‍ധിച്ച ഡീസല്‍ വിലയും നല്‍കി കടലില്‍ പോയാല്‍ തന്നെ മത്സ്യം കിട്ടാനില്ല. ഡീസല്‍ അടിച്ച പണം പോലും ലഭിക്കാത്ത രീതിയില്‍ കടലില്‍ വറുതിയാണ്.

കടലില്‍ പോയ ട്രോള്‍ നെറ്റ്, പേഴ്‌സിന്‍ ബോട്ടുകള്‍ ഇന്ന് വൈകിട്ടോടെ ഹാര്‍ബറുകളിലെത്തും. രാത്രി 12ന് കൊല്ലം, നീണ്ടകര ഹാര്‍ബര്‍ കവാടം ചങ്ങലയിട്ട് പൂട്ടുന്നതോടെ നിരോധനം നടപ്പില്‍ വരും. നിരോധന കാലയളവില്‍ പരമ്പരാഗത മത്സ്യയാനങ്ങള്‍ക്ക് സംസ്ഥാന തീരത്ത് മത്സ്യ ബന്ധനം നടത്താന്‍ അനുവാദമുണ്ട്. ഇതര സംസ്ഥാന ബോട്ടുകള്‍ ഭൂരിഭാഗവും നാട്ടിലേക്ക് മടങ്ങി.
ബോട്ടുകളിലെ തൊഴിലാളികള്‍ക്ക് പുറമേ ഹാര്‍ബറുകളിലെഅനുബന്ധ തൊഴിലാളികള്‍ക്കും നിരോധനത്തോടെ ജോലിയില്ലാതാകും. നിരോധന കാലയളവില്‍ ഹാര്‍ബറുകളിലെ ഡീസല്‍ ബങ്കുകള്‍, കായലോര ബങ്കുകള്‍ എന്നിവ അടച്ചിടും. മത്സ്യബന്ധനത്തിന് പോകുന്ന പരമ്പരാഗത യാനങ്ങള്‍ക്ക് ഇന്ധനം നിറക്കുന്നതിനായി മത്സ്യഫെഡ് ബങ്കുകള്‍ക്ക് പുറമേ തിരഞ്ഞെടുക്കപ്പെട്ട കായലോര ബങ്കുകളും പ്രവര്‍ത്തിക്കും.

മുനമ്പത്തും വൈപ്പിനിലുമായി രണ്ട് ബങ്കുകള്‍ സജ്ജമാക്കിയതായി മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചു. ഇന്ന് ഉച്ചയോടെ ട്രോളിങ് നിരോധനം സംബന്ധിച്ച് ഹാര്‍ബറുകളില്‍ അറിയിപ്പ് നല്‍കും. മൂന്ന് ബോട്ടുകള്‍ തീരത്ത് നിരീക്ഷണം നടത്തും. അധികമായി സീ ഗാര്‍ഡുകളുമുണ്ട്. അനുവദിക്കപെട്ട കായലോര ബങ്കുകളില്‍ നിന്ന് യന്ത്രവല്‍കൃത ബോട്ടുകള്‍ ഡീസല്‍ നല്‍കാന്‍ പാടില്ല. കടലില്‍ പോകുന്ന പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ ബയോ മെട്രിക് തിരിച്ചറിയല്‍ കാര്‍ഡും സുരക്ഷാഉപകരണങ്ങളും കരുതണം.

Chandrika Web: