X

ജമ്മുകശ്മീരില്‍ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ക്ക് നിരോധനം

അക്രമ സംഭവങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജമ്മുകശ്മീരിലെ ശ്രീനഗറില്‍ ‘മൂര്‍ച്ചയുള്ള ആയുധങ്ങള്‍’ക്ക് നിരോധനം. ജില്ലാ കലക്ടര്‍ മുഹമ്മദ് ഐജാസ് ആസാദ് വെള്ളയാഴ്ച പുറത്തുവിട്ട ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്. ഉത്തരവ് പ്രകാരം മൂര്‍ച്ചയുള്ള ആയുധങ്ങള്‍ വില്‍ക്കാനോ വാങ്ങനോ കൊണ്ടുനടക്കാനോ പാടില്ല. ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രാധാന്യമെന്നും. പൊതുസ്ഥലങ്ങളില്‍ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ കൊണ്ടുനടക്കുന്നത് സാധാരണക്കാരുടെ ജീവന് ഭീഷണിയാണെന്നും കലക്ടറുടെ ഉത്തരവില്‍ പറയുന്നു.

ഗാര്‍ഹിക, കാര്‍ഷിക, ശാസ്ത്രീയ, വ്യാവസായിക ആവശ്യങ്ങള്‍ക്കല്ലാതെ മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്കായി 9 ഇഞ്ചില്‍ കൂടുതല്‍ നീളമുള്ളതോ രണ്ടിഞ്ചില്‍ കൂടുതല്‍ വീതിയുള്ളതോ ആയ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ കൈവശം വയ്ക്കുന്നത് ആയുധ നിയമം 1959 പ്രകാരം കുറ്റകരമാണെന്ന് ഉത്തരവില്‍ വ്യക്തിമായിട്ടുണ്ട്.

നിരോധനം അടിയന്തരമായി നടപ്പാക്കണമെന്നാണ് ഉത്തരവ്. ഇനി മുതല്‍ സ്ഥാനങ്ങളില്‍ ഇത്തരം ആയുധങ്ങള്‍ വില്‍ക്കാനോ വാങ്ങാനോ പാടില്ലെന്ന് പൊലീസ് അറിയിച്ചു. ഒരു മനുഷ്യന്റെ ശരീരത്തില്‍ മുറിവുണ്ടാക്കാന്‍ കഴിയുന്ന ഏതൊരു വസ്തുവിനെയും മൂര്‍ച്ചയുള്ള ആയുധമായി കണക്കാവുന്നതാണെന്നും കലക്ടര്‍ അറിയിച്ചു. നിയമ പാലകര്‍, കശാപ്പു ജോലികള്‍, ഇലക്ട്രിക്കല്‍ ജോലി ചെയ്യുന്നവര്‍, ആശാരിമാര്‍, പാചകക്കാര്‍ എന്നിവര്‍ക്ക് നിരോധനം ബാധകമാവില്ലെന്നും ഉത്തരവില്‍ പറയുന്നു. പക്കലുള്ള മൂര്‍ച്ചയുള്ള ആയുധം 72 മണിക്കൂറിനകം അടുത്തുള്ള പൊലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിക്കണമെന്നാണ് നിര്‍ദേശം.

 

 

webdesk13: