ന്യൂഡല്‍ഹി: സെന്‍സോഡൈന്‍ ഉത്പന്നങ്ങളുടെ പരസ്യത്തിന് ഇന്ത്യയില്‍ വിലക്ക് ഏര്‍പ്പെടുത്തി ഉപഭോക്തൃ മന്ത്രാലയത്തിന്റെ ഉത്തരവ്. നാപ്‌റ്റോള്‍ അടക്കമുള്ള ഓണ്‍ലൈന്‍ വ്യാപാര ശൃംഖലകളോടും സെന്‍സോഡൈന്‍ പരസ്യങ്ങള്‍ പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കി. സെന്‍സോഡൈന്‍ നിര്‍മ്മാതാക്കളായ ഗ്ലാക്‌സോസ്മിത്ത്‌ലൈന്‍ (ജി.എസ്.കെ) കണ്‍സ്യൂമര്‍ ഹെല്‍ത്ത് കെയറിനും ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയായ നാപ്‌റ്റോളിനും എതിരെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയെന്നാരോപിച്ച് നേരത്തെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ 10 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. ഇതിനു ശേഷവും സെന്‍സോഡന്‍ പരസ്യങ്ങള്‍ തുടരുന്ന പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ നീക്കം. ഇന്ത്യക്ക് പുറത്ത് പ്രാക്ടീസ് ചെയ്യുന്ന ഡന്റിസ്റ്റുകള്‍ നിര്‍ദേശിക്കുന്ന ഉത്പന്നം എന്ന സെന്‍സോഡൈന്‍ പരസ്യവാചകമാണ് കേസിനാധാരം. ഡോക്ടര്‍മാരുടെ പ്രാക്ടീസിങ് ചട്ടങ്ങള്‍ അനുസരിച്ച് ഇന്ത്യയിലെ ഏതെങ്കിലും ഡോക്ടര്‍മാര്‍ ഏതെങ്കിലും ഉത്പന്നത്തിന്റെ നിര്‍ദേശകരോ പ്രായോചകരോ ആകരുതെന്നാണ് ചട്ടം.