X

പതഞ്ജലി ഉത്പന്നങ്ങള്‍ക്ക് ഗുണനിലവാരമില്ലെന്ന് പരിശോധനാ റിപ്പോര്‍ട്ട്

 

ഹരിദ്വാര്‍: യോഗ ഗുരു ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ഉത്പന്നങ്ങള്‍ക്ക് ഗുണനിലവാരമില്ലെന്ന് പരിശോധനാ റിപ്പോര്‍ട്ട്. വിപണിയില്‍ ലഭ്യമായ 40 ശതമാനം പതഞ്ജലി ഉത്പന്നങ്ങള്‍ക്കും നിയമാനുസൃതമായ ഗുണനിലവാരമില്ലെന്നാണ് തെളിഞ്ഞത്.
ഉത്തരാഖണ്ഡ് സര്‍ക്കാരിന് കീഴിലുള്ള ഹരിദ്വാറിലെ ആയുര്‍വേദ-യുനാനി ഓഫീസ് നടത്തിയ ഗുണമേന്മ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. 2013-നും 2016-നും ഇടയില്‍ പരിശോധനക്കായി ശേഖരിച്ച വിവിധ കമ്പനി ഉല്‍പ്പന്നങ്ങളുടെ 82 സാമ്പിളുകളില്‍ 32 എണ്ണവും ലാബില്‍ നടത്തിയ ഗുണമേന്മ പരിശോധനയില്‍ പരാജയപ്പെട്ടെന്ന് വിവരാവകാശനിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായി അധികൃതര്‍ വെളിപ്പെടുത്തി.
പരിശോധനയില്‍ പരാജയപ്പെട്ടവയില്‍ പതജ്ഞലിയുടെ നെല്ലിക്കാജ്യൂസ്, സ്ത്രീകളുടെ പ്രത്യുല്‍പ്പാദന ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള മരുന്നായ ശിവലിംഗി ബീജ് എന്നിവയും ഉള്‍പ്പെടും.
നേരത്തെ പശ്ചിമ ബംഗാള്‍ ആരോഗ്യവകുപ്പിന് കീഴിലുള്ള ലാബില്‍ നടത്തിയ പരിശോധനയിലും നെല്ലിക്ക ജ്യൂസിന് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ രാജ്യത്തെ സൈനിക കാന്റീനുകളില്‍ ഇവയുടെ വില്‍പന നിര്‍ത്തുകയും ചെയ്തു. നിയമപ്രകാരമുള്ളതിലും കുറഞ്ഞ പി.എച്ച് വാല്യുവാണ് നെല്ലിക്ക ജ്യൂസിലുള്ളതെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്.
ഇത് അസിഡിറ്റി അടക്കമുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകളുടെ പ്രത്യുല്‍പാദനം മെച്ചപ്പെടുത്തുന്നതിനായി പതജ്ഞലി വിപണിയിലിറക്കിയ ശിവലിംഗീബീജിലെ 31 ശതമാനം പദാര്‍ത്ഥങ്ങളും ഭക്ഷ്യയോഗ്യമല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പതഞ്ജലി ഉത്പന്നങ്ങള്‍ക്ക് പുറമെ 18 ആയുര്‍വേദ മരുന്നുകളും ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അവിപത്രിക ചൂര്‍ണ, തലിസാദ്യ ചൂര്‍ണ, പുഷ്യനുഗ ചൂര്‍ണ, ലവന്‍ ഭാസ്‌കര്‍ ചൂര്‍ണ, യോഗ്രാജ് ഗുഗുളു, ലക്ഷ ഗുഗുളു എന്നീ ഉല്‍പ്പന്നങ്ങളാണ് ഗുണമേന്‍മാ പരിശോധനയില്‍ പരാജയപ്പെട്ടത്.
അതേസമയം പരിശോധന ഫലങ്ങളെ പാടെ തള്ളി പതജ്ഞലി മാനേജിങ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണ രംഗത്തെത്തി. പതജ്ഞലിയെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കങ്ങളുടെ ഭാഗമാണ് ഇത്തരം റിപ്പോര്‍ട്ടുകളെന്നും അദ്ദേഹം ആരോപിച്ചു.

chandrika: