X
    Categories: indiaNews

ഒമിക്രോണിന്റെ പേരില്‍ ലക്ഷദ്വീപില്‍ നിരോധനാജ്ഞ

കൊച്ചി: ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധം വീണ്ടും ശക്തി പ്രാപിക്കുന്ന ലക്ഷദ്വീപില്‍ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു. സി.ആര്‍.പി.സി 144 വകുപ്പ് പ്രകാരം ലക്ഷദ്വീപ് ജില്ലാ കളക്ടര്‍ അസ്‌കറലി ഐ.എ.എസ് ഇറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്നലെ മുതല്‍ ലക്ഷദ്വീപിലെ എല്ലാ ദ്വീപുകളിലും നിരോധനാജ്ഞ പ്രാബല്യത്തിലായി. ഒമിക്രോണ്‍ വ്യാപനം തടയുന്നതിന് മുന്നോടിയായാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നാണ് കളക്ടറുടെ ഉത്തരവില്‍ പറയുന്നത്. എന്നാല്‍ ലക്ഷദ്വീപ് ഭരണകൂടത്തിനെതിരെ പ്രത്യക്ഷമായ സമരപരിപാടികള്‍ പുനരാരംഭിക്കുന്നത് തടയാനാണ് ഈ നീക്കമെന്ന് സമരരംഗത്തുള്ളവര്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ എല്‍.ടി.സി.സിയുടെ നേതൃത്വത്തില്‍ എല്ലാ ദ്വീപുകളിലും പ്രത്യക്ഷ സമരപരിപാടികള്‍ നടന്നിരുന്നു.

ഇതിന് പിന്നാലെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഭരണകൂടത്തിനെതിരായ ജനകീയ പ്രതിഷേധങ്ങള്‍ക്ക് തടയിടാന്‍ കോവിഡ് സമയത്തും ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. അതേസമയം ലക്ഷദ്വീപ് സ്‌കൂളുകളിലെ സി.ഐ.സി സെന്ററുകളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 21 കരാര്‍ ജീവനക്കാരെ പിരിച്ചുവിട്ടു. ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ രാകേഷ് സിംഗാളാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.

ലക്ഷദ്വീപ് ഭരണകൂടത്തിന് കീഴിലുള്ള ഉദ്യോഗസ്ഥരുടെ ഉച്ചഭക്ഷണ സമയം അരമണിക്കൂറായി നിജപ്പെടുത്തി പുതിയ ഉത്തരവിറക്കി. ഉച്ചക്ക് 1.30 മുതല്‍ 2 മണി വരെയാണ് ഉച്ചഭക്ഷണത്തിനായി സമയം അനുവദിച്ചിരിക്കുന്നത്. വെള്ളിയാഴ്ചകളില്‍ ഇളവില്ലാത്തതിനാല്‍ ഉദ്യോഗസ്ഥരുടെ ജുമുഅ നിസ്‌ക്കാരത്തെയും ഇത് ബാധിക്കും. ദ്വീപിലെ മിക്ക പള്ളികളില്‍ ഒരു മണിക്ക് മുമ്പ് തന്നെ ജുമുഅ നിസ്‌കാരം പൂര്‍ത്തിയാവാറുണ്ട്. നേരത്തെ സ്‌കൂള്‍ സമയത്തിലും വെള്ളിയാഴ്ച അവധിയിലും ഭരണകൂടം മാറ്റം വരുത്തിയിരുന്നു.

Test User: