X
    Categories: indiaNews

കലാലയങ്ങളിലെ ഹിജാബ് നിരോധനം ഭരണഘടനയോടുള്ള വെല്ലുവിളി:വനിതാലീഗ്

കോഴിക്കോട്: ഇഷ്ടമുള്ള മതവും ആചാരവും അനുസരിച്ച് കലാലയങ്ങളിലെത്താന്‍ കര്‍ണ്ണാടകയില്‍ അനുവദിക്കില്ലെന്ന് തിട്ടൂരം പുറപ്പെടുവിക്കുന്നവര്‍ ഇന്ത്യന്‍ ഭരണഘടനയെയാണ് വെല്ലുവിളിക്കുന്നതെന്ന് വനിതാലീഗ് സംസ്ഥാന പ്രസിഡന്റ് സുഹ്്‌റ മമ്പാട്. ഹിജാബ് ധരിക്കുവാനുള്ള വിദ്യാര്‍ത്ഥികളുടെ അവകാശം നിഷേധിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടിയെടുത്ത് രാജ്യത്തിന്റെ അന്തസ് ഉയര്‍ത്തിപ്പിടിക്കണം. മുസ്്‌ലിം വിദ്യാര്‍ത്ഥിനികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശം ഹനിക്കുന്നതിനെതിരെ നടപടിയെടുക്കാന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ട്.

ശിവമൊക്ഷ ഭദ്രാവതിസര്‍ എം.വി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലും ചിക്കമഗളൂരു കൊപ്പ ബലഗാഡി ഫസ്റ്റ് ഗ്രേഡ് കോളജിലും ഇപ്പോള്‍ ഉഡുപ്പി കുന്താപുര ഗവ. കോളജിലും ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ തടഞ്ഞത് രാഷ്ട്രീയ ദുഷ്ടലാക്കോടെയാണ്. ഇക്കാലമത്രയും ശിരോവസ്ത്രം ധരിച്ചാണ് മുസ്്‌ലിം പെണ്‍കുട്ടികള്‍ ഇവിടങ്ങളില്‍ പഠനത്തിനെത്തിയത്. എന്നാല്‍, പ്രശ്‌നം സൃഷ്ടിക്കാനായി കാവി ഷാള്‍ ധരിച്ചെത്തി പ്രതിഷേധിച്ച സംഘ്പരിവാറുകാരുടെ ഇംഗിതത്തിന് വഴങ്ങി പ്രിന്‍സിപ്പില്‍ നേരിട്ടെത്തി മൗലികാവകാശ ധ്വംസനത്തിന് നേതൃത്വം നല്‍കുകയായിരുന്നു.

കാവി ഷാള്‍ സ്ഥിരം ധരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അതണിഞ്ഞെത്താനുള്ള അവകാശം വകവെച്ച് കൊടുക്കുകയാണ് വേണ്ടത്. കാവി വസ്ത്രം മാത്രം ധരിച്ച് യു.പി മുഖ്യമന്ത്രി യോഗി ആതിഥ്യനാഥ് രാജ്യത്ത് എവിടെയും സഞ്ചരിക്കുന്നതില്‍ ഇതുവരെ ആരും പ്രതിഷേധിച്ചിട്ടില്ല. പൊതു വിദ്യാലയങ്ങളില്‍ നിന്ന് മുസ്‌ലിം ദളിത് ന്യൂനപക്ഷ വിദ്യാര്‍ത്ഥികളെ അകറ്റാനുള്ള ബോധപൂര്‍വ ശ്രമത്തിന്റെ ഭാഗമായുള്ള ഗൂഢ ശ്രമത്തിനെതിരെ വനിതാലീഗ് നിലയുറപ്പിക്കുമെന്നും സുഹ്്‌റ മമ്പാട് പറഞ്ഞു.

Test User: