X

എന്‍.ഡി.ടിവിക്ക് കേന്ദ്രത്തിന്റെ വിലക്ക്; രാജ്യത്ത് അടിയന്തരാവസ്ഥയുടെ സ്ഥിതിവിശേഷണമെന്ന് മമത

കൊല്‍ക്കത്ത: ദേശീയ മാധ്യമമായ എന്‍ഡിടിവി ഇന്ത്യക്ക് കേന്ദ്രവാര്‍ത്താ വിനിമയ മന്ത്രാലയം ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ കടുത്ത പ്രതിഷേധവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്ത്. എന്‍ഡിടിവിയുടെ വിലക്ക് ഞെട്ടിപ്പിക്കുന്നതാണെന്ന്‌ അഭിപ്രായപ്പെട്ട മമത, വാര്‍ത്താ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത് രാജ്യത്ത് അടിയന്തരാവസ്ഥയുടെ സ്ഥിതിവിശേഷമാണ് വരുത്തുന്നതെന്ന്‌ ആരോപിച്ചു.

പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്തതിനാണ് പ്രമുഖ ദേശീയ ചാനലായ എന്‍ഡിടിവി ഇന്ത്യയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ശിക്ഷ വിധിച്ചത്.

അതേസമയം സമീപകാല ചരിത്രത്തില്‍ ഒരു വാര്‍ത്താചാനലിന്റെ സംപ്രേക്ഷണം നിര്‍ത്തിവെക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത് ഇതാദ്യമാണ്.
പത്താന്‍കോട്ട് ഭീകരാക്രമണവും സൈനിക കമാന്‍ഡോ ഓപ്പറേഷനും തത്സമയം സംപ്രേക്ഷണം ചെയ്തതിനാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

എന്‍ഡിടിവിയുടെ ഹിന്ദി ചാനലാണ് എന്‍ഡിടിവി ഇന്ത്യ. ചാനലിന്റെ ഒരു ദിവസത്തെ സംപ്രേക്ഷണം നിര്‍ത്തിവെക്കണമെന്നാണ് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഉത്തരവിട്ടത്.

നവംബര്‍ ഒമ്പതിന് സംപ്രേക്ഷണം നിര്‍ത്തിവെക്കണമെന്നാണ് ശുപാര്‍ശയില്‍ ആവശ്യപ്പെടുന്നതെന്നാണ് സൂചന. ഒമ്പതിന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ അടുത്ത ദിവസം ഉച്ചയ്ക്ക് ഒരു മണി വരെയാവും ചാനലിന് സംപ്രേഷണത്തില്‍ വിലക്കുണ്ടാവുക.

Web Desk: