X

പച്ച പതാകകള്‍ നിരോധിക്കണമെന്ന ഹര്‍ജി; കേന്ദ്രത്തിന്റെ നിലപാട് തേടി സുപ്രീം കോടതി

ന്യൂഡല്‍ഹി: കെട്ടിടങ്ങളിലും മത കേന്ദ്രങ്ങളിലും ചന്ദ്രക്കലയും നക്ഷത്രവുമുള്ള പച്ച പതാകകള്‍ നിരോധിക്കണമെന്ന ആവശ്യവുമായി ഉത്തര്‍ പ്രദേശ് ഷിയ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്‌വി. ഇത്തരത്തിലുള്ള പച്ച പതാകകള്‍ പാകിസ്താന്‍ മുസ്്‌ലിം ലീഗിന്റേതാണെന്നും മുസ്്‌ലിംകളുമായി ബന്ധമില്ലെന്നും ആരോപിച്ചാണ് ഹര്‍ജി.
ഹരജിക്കുമേല്‍ സുപ്രീം കോടതി തിങ്കളാഴ്ച കേന്ദ്രത്തിന്റെ നിലപാട് തേടി. വിഷയത്തില്‍ കേന്ദ്രത്തിന് മറുപടി നല്‍കുന്നതിനായി വസീം റിസ്‌വിയുടെ ഹര്‍ജിയുടെ കോപ്പി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തക്ക് നല്‍കാന്‍ ജസ്റ്റിസ് എ.കെ സിക്രി അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു.

ചന്ദ്രക്കലയും നക്ഷത്രവുമുള്ള പച്ച പതാകകള്‍ അനിസ്്‌ലാമികവും പാകിസ്താന്‍ മുസ്്‌ലിം ലീഗിന്റേതാണെന്നും ഇതു ശത്രുരാജ്യത്തെയാണ് ഓര്‍മപ്പെടുത്തുന്നതെന്നുമാണ് റിസ്‌വിയുടെ വാദം.
മുംബൈയിലു മറ്റും താ ന്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ നിരവധി കെട്ടിടങ്ങളിലും മത കേന്ദ്രങ്ങളിലും ഇത്തരം പതാകകള്‍ കണ്ടെന്നും ഇത് ഹിന്ദു മുസ്്‌ലിം സംഘര്‍ഷത്തിന് കാരണമാകുമെന്നും റിസ്‌വി ആരോപിച്ചു.
പ്രധാനമന്ത്രി മോദിയുടേയും ബി.ജെ.പിയുടേയും അടുപ്പക്കാരനായി അറിയപ്പെടുന്ന റിസ്‌വി നേരത്തെ ബാബരി മസ്ജിദിന് പകരം അയോധ്യയില്‍ ക്ഷേത്രം പണിയണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

chandrika: