ശ്രീനഗര്‍: ഒരു മാസത്തേക്ക് ഇന്റര്‍നെറ്റിന് വിലക്കേര്‍പ്പെടുത്തി ജമ്മുകാശ്മീര്‍ സര്‍ക്കാര്‍. അടുത്തിടെ വിദ്യാര്‍ഥികളുടെ പങ്കാളിത്തത്തോടെ നടന്ന സമരങ്ങളാണ് സര്‍ക്കാറിനെക്കൊണ്ട് ഇത്തരമൊരു തീരുമാനം എടുപ്പിച്ചത്. ഒരു മാസത്തേക്കാണ് നിരോധനമേര്‍പ്പെടുത്തിയിട്ടുള്ളതെങ്കിലും ഇനിയൊരു കല്‍പന പുറപ്പെടുവിക്കും വരെ വിലക്ക് നിലനില്‍ക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
സോഷ്യല്‍ മീഡിയയിലൂടെ വ്യക്തിപരമായോ സംഘടിതമായോ ഏതെങ്കിലും നിര്‍ണ്ണിത വിഷയങ്ങളിലോ അല്ലാതെയോ ഉള്ള എല്ലാ ഇന്റര്‍നെറ്റ് ഉപയോഗം ഒരു മാസത്തേക്ക് കാശ്മീരില്‍ നിരോധിച്ചിരിക്കുന്നുവെന്നാണ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിലുള്ളത്.
സര്‍ക്കാറിന്റെ വിലക്കിനെത്തുടര്‍ന്ന് ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്‌സാപ്പ്, ടെലഗ്രാം, യൂട്യൂബ് തുടങ്ങി എല്ലാ ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ക്കും ഇതോടെ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. യുവാക്കള്‍ സംഘടിക്കുന്നതിനും സമരവുമായി രംഗത്തെത്തുന്നതിനും തടയിടാനാണ് ഇത്തരമൊരു നീക്കമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.