X

ചുരത്തില്‍ ചരക്ക് വാഹന ഗതാഗത നിരോധനം

കോഴിക്കോട്/കല്‍പ്പറ്റ: താമരശ്ശേരി ചുരം റോഡ് പൊട്ടിപൊളിഞ്ഞ് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയായ സാഹചര്യത്തില്‍ ചുരത്തിലുടെ ചരക്ക് വാഹനങ്ങളുടെയും മള്‍ട്ടിആക്‌സില്‍ വോള്‍വോ ബസുകളുടെയും ഗതാഗതം വയനാട് പോലീസ് നിരോധിച്ചു. ചുരം അറ്റകുറ്റപ്പണി കഴിയുന്നതുവരെയാണ് നിരോധനം. വ്യാഴാഴ്ച(28-12-17)മുതലാണ് നിരോധനം നടപ്പാക്കിയത്.

ലക്കിടി, ബത്തേരി എന്നിവിടങ്ങളില്‍ വച്ച് പോലീസ് ചരക്ക് വാഹനങ്ങള്‍ തടഞ്ഞ് നാലാംമൈല്‍ നിരവില്‍പുഴ കുറ്റിയാടി ചുരം വഴി കോഴിക്കോടേക്ക് അയച്ചു തുടങ്ങി. നിലവില്‍ രണ്ട്, മൂന്ന്, നാല് ചക്ര വാഹനങ്ങളും കെ.എസ്.ആര്‍.ടി.സി., സ്വകാര്യ ബസുകളും മാത്രമാണ് ചുരത്തില്‍ കടത്തിവിടുക. ചുരത്തിലെ വന്‍ ഗര്‍ത്തങ്ങളില്‍ കുടുങ്ങി വാഹനങ്ങള്‍ മറിയാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി. എല്ലാ തരത്തിലുമുള്ള ചരക്ക് വാഹനങ്ങളും കെ.എസ്.ആര്‍.ടി.സിയുടേതടക്കമുള്ള മള്‍ട്ടി ആക്‌സില്‍ ബസുകളും കുറ്റിയാടി വഴിയാണ് പോകേണ്ടത്.

chandrika: