ന്യൂഡല്‍ഹി: വായ്പയെടുത്ത് തിരിച്ചടക്കാതെ വിദേശയാത്രക്കൊരുങ്ങുന്നവര്‍ക്ക് വിലക്കേര്‍പ്പെടുത്തും. അമ്പതു കോടി രൂപക്കു മുകളില്‍ വായ്പയെടുത്ത് തിരിച്ചടക്കാത്തവര്‍ക്കാണ് വിലക്കു വീഴുക. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ആക്ട് സെക്ഷന്‍ 10 ഭേദഗതി ചെയ്യും. ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെക്രട്ടറി രാജീവ്കുമാര്‍ അധ്യക്ഷനായ സമിതിയുടേതാണ് ശുപാര്‍ശ.
അമ്പതു കോടി രൂപയാണ് വായ്പ തുക നിശ്ചയിച്ചതെങ്കിലും ഇതുസംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. വായ്പ എടുക്കുന്നവരുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ കൂടി ശേഖരിക്കണമെന്ന് മാര്‍ച്ചില്‍ കേന്ദ്ര സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ഉടമ വിജയ് മല്യയും നീരവ് മോദിയും കോടികള്‍ വായ്പയെടുത്ത് തിരിച്ചടക്കാതെ രാജ്യംവിട്ട സാഹചര്യത്തിലാണ് വന്‍ തുക വായ്പയെടുക്കുന്നവരുടെ വിദേശയാത്രക്ക് ഒന്നാകെ വിലക്കേര്‍പ്പെടുത്താന്‍ നിര്‍ദേശമുയര്‍ന്നത്.