X
    Categories: CultureMoreNewsViews

ക്രിമിനലുകള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സര വിലക്ക്: നിയമം കൊണ്ടുവരണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: മാഫിയ-ഉദ്യോഗസ്ഥ-രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ടിന്റെ സൃഷ്ടിയായ 1993ലെ മുംബൈ സ്‌ഫോടന പരമ്പരക്കു ശേഷം, രാഷ്ട്രീയത്തിലെ ക്രിമിനല്‍വല്‍ക്കരണം രാജ്യത്ത് ശക്തി പ്രാപിച്ചതായി സുപ്രീംകോടതി. രാജ്യത്തെ മിക്ക നഗരങ്ങളിലും ഇത്തരം സംഘങ്ങള്‍ സജീവമാണ്. ഇത് ആശങ്ക സൃഷ്ടിക്കുന്നതാണെന്നും ക്രിമിനലുകളെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കാന്‍ പാര്‍ലമെന്റ് നിയമം കൊണ്ടുവരണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ഇതുസംബന്ധിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയായിരുന്നു ചീഫ് ജസ്റ്റിസ് ദീപക്മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റെ ഇടപെടല്‍.

രാഷ്ട്രീയത്തിലെ ക്രിമിനല്‍വല്‍ക്കരണത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച എന്‍.എന്‍ വോറ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പരാമര്‍ശിച്ച കോടതി, എന്നാല്‍ റിപ്പോര്‍ട്ടിലെ പല നിര്‍ദേശങ്ങളും ഇതുവരെ നടപ്പായില്ലെന്ന് പരിതപിച്ചു. ക്രിമിനല്‍ – രാഷ്ട്രീയ കൂട്ടുകെട്ട് സമാന്തര സര്‍ക്കാറുകളായി പ്രവര്‍ത്തിക്കുകയാണെന്ന നിലപാടാണ് വോറ കമ്മിറ്റി മുമ്പാകെ സി.ബി.ഐ, ഐ.ബി, റോ തുടങ്ങിയ ഔദ്യോഗിക ഏജന്‍സികള്‍ ഏകസ്വരത്തില്‍ പറഞ്ഞത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടേയും സര്‍ക്കാര്‍ ഏജന്‍സികളുടേയും കീഴിലാണ് ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനം. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ തങ്ങളുടെ ക്രിമിനല്‍ പശ്ചാത്തലം തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുമ്പാകെ സത്യവാങ്മൂലമായി നല്‍കണമെന്ന വോറ കമ്മിറ്റി നിര്‍ദേശം കോടതി ആവര്‍ത്തിച്ചു. ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് മാത്രമാണ് നിലവില്‍ തെരഞ്ഞെടുപ്പ് വിലക്കുള്ളത്. ക്രിമിനല്‍ കേസില്‍ പ്രതികളായവരെക്കൂടി വിലക്കുന്നതിന് പാര്‍ലമെന്റ് നിയമം കൊണ്ടുവരണം. തെരഞ്ഞെടുപ്പ് കമ്മീഷനും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ രാഷ്ട്രീയ മേഖല ക്രിമിനല്‍ വല്‍ക്കരിക്കപ്പെടുന്നതിനോട് പൊരുത്തപ്പെടാനാവില്ലെന്നും കോടതി പറഞ്ഞു. ക്രിമിനല്‍ കേസ് പ്രതികളായ നിരവധി പേരാണ് തദ്ദേശ സഭകളിലേക്കും നിയമസഭകളിലേക്കും പാര്‍ലമെന്റിലേക്കും തെരഞ്ഞെടുക്കപ്പെടുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നേരത്തെതന്നെയുള്ള പ്രതിഭാസമാണിത്. എന്നാല്‍ 1993ലെ മുംബൈ സ്‌ഫോടന പരമ്പരക്കു ശേഷം ഈ പ്രവണത കൂടുതല്‍ വ്യാപിച്ചിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ ആര്‍.എഫ് നരിമാന്‍, എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

വന്‍ നഗരങ്ങളിലെ പ്രധാന വരുമാന സ്രോതസ്സ് റിയല്‍ എസ്‌റ്റേറ്റാണ്. ഇത് കേന്ദ്രീകരിച്ചാണ് രാഷ്ട്രീയ – ഉദ്യോഗസ്ഥ- ക്രിമിനല്‍ സംഘങ്ങളുടെ പ്രവര്‍ത്തനം ശക്തിപ്പെടുന്നത്. കുടികിടപ്പുകാരേയും ഭൂവുടമകളേയും തുച്ഛമായ തുക നല്‍കി ഒഴിപ്പിക്കാന്‍ വന്‍കിടക്കാര്‍ ആശ്രയിക്കുന്നത് ഇത്തരം സംഘങ്ങളേയാണ്. മണി പവറു കൊണ്ട് മസില്‍ പവര്‍ ഉപയോഗിച്ച് കാര്യങ്ങളെ നിയന്ത്രിക്കുകയാണെന്നും രാഷ്ട്രീയക്കാര്‍ തെരഞ്ഞെടുപ്പില്‍ വരെ ഇതിനെ ഉപയോഗിക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

അധികാരത്തിന്റെ ലക്ഷ്മണ രേഖ കോടതി ലംഘിക്കരുതെന്ന അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിന്റെ സബ്മിഷന്‍ വിധിന്യായത്തില്‍ പ്രത്യേകം പരാമര്‍ശിച്ച കോടതി, ഇക്കാര്യത്തില്‍ കോടതി മറ്റേതെങ്കിലും തരത്തില്‍ ഇടപെടുന്നത് അനുചിതമാണെന്നും നിയമ നിര്‍മാണത്തിനായി പാര്‍ലമെന്റിനോട് ശിപാര്‍ശ ചെയ്യുക മാത്രമാണ് പോംവഴിയെന്നും പറഞ്ഞു. ഭരണഘടന പ്രകാരം നിയമം നിര്‍മിക്കേണ്ടചുമതല പാര്‍ലമെന്റിനാണെന്നും അതില്‍ ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി.

ചന്ദ്രിക വെബ് ഡെസ്‌ക്‌: