X

മെഷീന്‍ വേണ്ട, ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന് അഖിലേഷ്

 

ലക്‌നോ: ഖൈറാന, നൂര്‍പൂര്‍ ഉപതെരഞ്ഞെടുപ്പുകളില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും വി.വി പാറ്റ് മെഷീനുകളും വ്യാപകമായി തകരാറിലായ പശ്ചാതലത്തില്‍ പഴയ രീതിയില്‍ ബാലറ്റ് പേപ്പര്‍ സംവിധാനം പുനസ്ഥാപിക്കണമെന്ന ആവശ്യവുമായി എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ്.
ഉപതെരഞ്ഞെടുപ്പില്‍ വിശാല സഖ്യത്തിന് ശക്തമായ സ്വാധീനമുള്ള മേഖലകളില്‍ മാത്രം ഇ.വി.എം, വി.വിപാറ്റ് മെഷീനുകള്‍ തകരാറിലായതിന് പിന്നിലെ കാരണം കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബി.ജെ.പിക്കെതിരെ ജനങ്ങള്‍ വോട്ടു ചെയ്യുന്നത് ഒഴിവാക്കാനായി ഇവിടുത്തെ വോട്ടിങ് മെഷീനുകള്‍ ബി.ജെ.പി മനപ്പൂര്‍വം തകരാറിലാക്കിയതാണെന്നും അദ്ദേഹം ആരോപിച്ചു. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടമായിട്ടുണ്ട്. വികസിത രാജ്യങ്ങള്‍ പോലും ബാലറ്റ് പേപ്പറുകളെ ആശ്രയിക്കുമ്പോള്‍ എന്തു കൊണ്ടാണ് നമ്മള്‍ ബാലറ്റ് പേപ്പറുകളെ ഉപയോഗിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. എല്ലാ പാര്‍ട്ടികളും ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാന്‍ പോയപ്പോള്‍ ബി.ജെ.പിയും പിന്നാലെ പരാതിയുമായി എത്തിയെന്നും അദ്ദേഹം പരിഹസിച്ചു.വോട്ടിങ് യന്ത്രങ്ങള്‍ കേടാവാനുള്ള കാരണമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞത് ഏറെ അത്ഭുതപ്പെടുത്തിയെന്നും ബി.ജെ.പിക്കെതിരായി ജനങ്ങള്‍ വോട്ടു ചെയ്യാതിരിക്കാനുള്ള തന്ത്രമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉപതെരഞ്ഞെടുപ്പിന് ഇ.വി.എമ്മുകള്‍ കൊണ്ടുവന്നത് ഗുജറാത്തില്‍ നിന്നുമാണ്. സൂറത്തില്‍ തുണി മാത്രമല്ല, സര്‍ക്കാറുകളേയും നിര്‍മിക്കുമെന്നാണ് പുതിയ സംഭവ വികാസങ്ങള്‍ തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2017ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രങ്ങളിലെ തട്ടിപ്പാണ് ബി.ജെ.പിയെ ഗുജറാത്തില്‍ ഭരണം നിലനിര്‍ത്താന്‍ സഹായിച്ചതെന്ന് ആരോപണമുയര്‍ന്നിരുന്നു. അതേ സമയം പരിശീലനത്തിനെത്താത്ത പോളിങ് ഓഫീസര്‍മാരാണ് വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലാവാന്‍ കാരണക്കാരെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്.
ഫുല്‍പൂര്‍, ഗോരക്പൂര്‍ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളില്‍ തോറ്റ ബി.ജെ.പിക്ക് ഖൈറാന ഉപതെരഞ്ഞെടുപ്പ് ഏറെ നിര്‍ണായകമാണ്. അന്തരിച്ച ബി.ജെ.പി എം.പി ഹുകൂം സിങിന്റെ മകള്‍ മൃഗംഗയാണ് ബി.ജെ.പിക്കായി ഇവിടെ മത്സരിക്കുന്നത്. എസ്.പി, ബി,എസ്.പി, കോണ്‍ഗ്രസ് എന്നിവരുടെ പിന്തുണയോടെ ആര്‍.എല്‍.ഡി സ്ഥാനാര്‍ത്ഥി തബസ്സും ഹസനാണ് പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി.

chandrika: