X

‘ബാലറ്റ് മൂന്ന് നിറത്തില്‍’;വോട്ട് ചെയ്യാന്‍ പോകുന്നതിന് മുമ്പ് ഈ കാര്യം അറിഞ്ഞിരിക്കണം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളില്‍ പതിപ്പിക്കുന്ന ലേബലുകളുടെയും ബാലറ്റ് പേപ്പറുകളുടെയും നിറം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിശ്ചയിച്ചു. ഗ്രാമപഞ്ചായത്തുകളിലേക്ക് വെള്ളയും ബ്ലോക്കുകളില്‍ പിങ്കും ജില്ലാ പഞ്ചായത്തുകളില്‍ ആകാശ നീല(സ്‌കൈ ബ്ലൂ)യുമാണ് നിശ്ചയിച്ചിരിക്കുന്ന നിറങ്ങള്‍. മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും വെള്ള നിറമാണ് ഉപയോഗിക്കുക.

സംസ്ഥാനത്ത് മൂന്ന് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നവംബര്‍ 18 വരെ ലഭിച്ചത് 82,810 നാമനിര്‍ദ്ദേശ പത്രികകളാണ്. ഗ്രാമപഞ്ചായത്തുകളിലേക്ക് 64,767 എണ്ണവും ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 5,612 ജില്ലാ പഞ്ചായത്തുകളിലേക്ക് 664 പത്രികകളുമാണ് ലഭിച്ചത്. 9,865 നാമനിര്‍ദ്ദേശ പത്രികകളാണ് മുനിസിപ്പാലിറ്റികളിലേക്ക് ലഭിച്ചത്. ആറ് കോര്‍പ്പറേഷനുകളിലേക്ക് 1,902 നാമനിര്‍ദ്ദേശ പത്രികകളും ലഭിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ 18ന് വൈകിട്ട് ആറുവരെ അപ്‌ലോഡ് ചെയ്തിട്ടുള്ള നാമനിര്‍ദ്ദേശ പത്രികകളുടെ കണക്കാണിത്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനത്തെ തുടര്‍ന്ന് നവംബര്‍ 12 മുതലാണ് പത്രിക സമര്‍പ്പണം ആരംഭിച്ചത്. അവധി ദിനങ്ങളിലൊഴികെ (14, 15) അഞ്ച് ദിവസങ്ങളിലായാണ് പത്രികകള്‍ ലഭിച്ചത്. പത്രികാ സമര്‍പ്പണം ഇന്ന് (നവംബര്‍ 19) അവസാനിക്കും. നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ (നവംബര്‍ 20) നടക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 23നാണ്.

 

Test User: