ബാലരാമപുരം കൊലപാതകം; കൈകൂപ്പി കരഞ്ഞ് പ്രതി, ഉടന്‍ കോടതിയില്‍ ഹാജരാക്കും

ബാലരാമപുരത്ത് രണ്ടര വയസുകാരി ദേവേന്ദുവിന്റെ കൊലപാതകത്തില്‍ പ്രതി ഹരികുമാറിനെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കും. വൈദ്യ പരിശോധനയ്ക്ക് ശേഷം പുറത്തിറക്കിയ പ്രതിയെ ബാലരാമപുരം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

അതേസമയം ചോദ്യം ചെയ്യലില്‍ പ്രതി മാനസികമായി ചില പ്രശ്‌നങ്ങള്‍ പ്രകടിപ്പികുന്നതായും മൊഴി മാറ്റി പറയുന്നതായും പൊലീസ് പറഞ്ഞു. ഇയാള്‍ മാനസിക രോഗത്തിന് മരുന്ന് കഴിക്കുന്നയാളാണെന്ന് കുടുംബം അറിയിച്ചു. ഹരികുമാര്‍ പ്രതിയാണെന്ന കാര്യത്തില്‍ സംശയമില്ലെന്നും സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും പൊലീസ് മേധാവി എസ്പി സുദര്‍ശനന്‍ പറഞ്ഞു.

രണ്ടരവയസ്സുകാരിയെ കൊലപ്പെടുത്തിയത് എന്തിനാണെന്ന ചോദ്യങ്ങളില്‍ മൊഴി മാറ്റിക്കൊണ്ടിരിക്കുകയാണ്് പ്രതി.

പൂജാരി ദേവീദാസനെ കസ്റ്റഡിയിലെടുത്തത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ശ്രീതുവിന്റെ പരാതിയിലാണെന്നും പൊലീസ് പറഞ്ഞു. 36 ലക്ഷം തട്ടിയെന്ന് ഉന്നയിച്ച് ശ്രീതു നേരത്തെ ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. പൂജാരിയുടെ വീട്ടില്‍ ഹരികുമാര്‍ ജോലി ചെയ്തിട്ടിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

കുഞ്ഞിനെ കൊന്നത് ഉള്‍വിളി കൊണ്ടെന്നും ഹരികുമാര്‍ പറയുന്നു. സഹോദരിയുമായി പ്രശ്നമുണ്ടെന്ന ഇന്നലത്തെ മൊഴി പ്രതി ഇന്ന് നിഷേധിച്ചു. അതേസമയം, പ്രതിയെ സംഭവ സ്ഥലത്തെത്തിച്ചു തെളിവെടുത്തു. വീടിനുള്ളിലേക്കും തെളിവെടുപ്പിന്റെ ഭാഗമായി പ്രവേശിപ്പിച്ചു. പിന്നീട് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്ക് വിരലടയാളം അടക്കം ശേഖരിക്കുന്നതിനായി എത്തിച്ചു. വൈദ്യ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.

webdesk17:
whatsapp
line