ബാലരാമപുരത്ത് രണ്ടരവയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ താന്‍ ആരുടേയും ആത്മീയ ഗുരുവല്ലെന്നും വെറുമൊരു ജോത്സ്യന്‍ മാത്രമാണെന്നും ദേവീദാസന്‍ പൂജാരി. തന്നെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഒരു പരാതിയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ ചോദിച്ചറിയാനാണ് പൊലീസ് വിളിപ്പിച്ചതെന്നെന്നും ദേവീദാസന്‍ പറഞ്ഞു.
അതേസമയം അന്ധവിശ്വാസവും ആഭിചാരവുമെല്ലാം മാധ്യമങ്ങള്‍ പറഞ്ഞുണ്ടാക്കുന്നതാണെന്നും പൂജാരി പ്രതികരിച്ചു. തനിക്കെതിരെ മരിച്ച കുഞ്ഞിന്റെ അമ്മ ശ്രീതു നല്‍കിയ പരാതിയിലെ വിവരങ്ങള്‍ അനേഷിക്കാന്‍ പൊലീസ് വിളിപ്പിച്ചതാണെന്നും പൂജാരി പറഞ്ഞു. പൊലീസ് ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടിയുടെ അമ്മ തനിക്കു നേരെ നടത്തിയ സാമ്പത്തിക ആരോപണം തെറ്റാണെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുന്ന കാര്യം തീരുമാനിക്കുമെന്നും ദേവീദാസന്‍ പറഞ്ഞു.
പ്രതി ഹരികുമാറിന്റെ കുടുംബമായി ബന്ധമില്ലെന്നും പൂജാരി പ്രതികരിച്ചു. കോവിഡിന് മുമ്പ് ഹരികുമാര്‍ തനിക്കൊപ്പം ജോലി ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചോദ്യം ചെയ്യലിനായി നാളെയും സ്റ്റേഷനില്‍ ഹാജരാവുമെന്നും പൂജാരി കൂട്ടിച്ചേര്‍ത്തു.
അതേസമയം പ്രതി ഹരികുമാറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.