X
    Categories: MoreViews

ചില്ലറയില്ല; ചായ കുടിച്ചുപെട്ടുപോയി മന്ത്രി ബാലന്‍; ഡല്‍ഹി യാത്ര റദ്ദാക്കി പികെ ബഷീര്‍

തിരുവനന്തപുരം: നോട്ടുകള്‍ നിരോധിച്ചതോടെ ജനങ്ങളോടൊപ്പം ജനപ്രതിനിധികളും പെട്ടുപോയി. ചില്ലറയില്ലാതെ ജനങ്ങള്‍ നെട്ടോട്ടമോടുകയായിരുന്നു ഇന്നലെ. കാപ്പി കുടിക്കാന്‍ കാന്റീനില്‍ കയറിയ മന്ത്രി എകെ ബാലനും ചില്ലറയില്ലാതെ കുടുങ്ങി. ചായ കുടിച്ച മന്ത്രിക്ക് ലഭിച്ചത് 18 രൂപയുടെ ബില്ല്. എന്നാല്‍ കയ്യിലാണെങ്കില്‍ ചില്ലറയുമില്ല. ആകെയുള്ളത് പത്തുരൂപ മാത്രം. പിന്നെ മന്ത്രിക്ക് തുണയായെത്തിയത് പികെ ബഷീര്‍ എംഎല്‍എ. അഞ്ച് നൂറുരൂപാ നോട്ടുകള്‍ നല്‍കി ബഷീര്‍ ബാലനെ രക്ഷപ്പെടുത്തുകയും ചെയ്തു.

അതേസമയം, കയ്യില്‍ വലിയ നോട്ടുകള്‍ മാത്രമായതിനെ തുടര്‍ന്ന് പികെ ബഷീറും കുടുങ്ങി. കേന്ദ്രജല വിഭവ വകുപ്പില്‍ മണ്ഡല വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചക്ക് പോകേണ്ടിയിരുന്ന ബഷീര്‍ യാത്ര മാറ്റുകയാണ് ചെയ്തത്.

സംസ്ഥാനത്ത് ഇന്നലെ രൂക്ഷമായ പ്രതിസന്ധിയാണ് ചില്ലറയില്ലാതെ അനുഭവപ്പെട്ടത്. റെയില്‍വേയിലും ചില്ലറ തീര്‍ന്ന് അവര്‍ ബാങ്കുകളില്‍ നിന്ന് ചില്ലറ ആവശ്യപ്പെട്ടിരുന്നു. കോഫി ഹൗസില്‍ ചില്ലറയില്ലാതെ ബില്ലില്‍ ബാക്കി തുക എഴുതി വിട്ടിരുന്നത് ഇന്നലെ തന്നെ വാര്‍ത്തയായിരുന്നു. ചില്ലറയില്ലാതെ ബസ്സിന് പോകാന്‍ കഴിയാതെ ആളുകള്‍ ബസ് സ്റ്റാന്റിലും കുടുങ്ങിക്കിടന്നിരുന്നു. ഇന്ന് മുതല്‍ ബാങ്കുകളില്‍ നിന്ന് 500,1000 നോട്ടുകള്‍ മാറ്റിയെടുക്കാം. പുതിയ 500 ഉം 2000 ഉം പോസ്‌റ്റോഫീസുകളില്‍ നിന്നും ലഭ്യമാകും.

chandrika: