ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്താനെതിരെ നടത്തിയ സൈനിക നീക്കത്തില്‍ ഇന്ത്യന്‍ വ്യോമസേനാ ഹെലികോപ്ടര്‍ വീഴ്ത്തിയത് ഇന്ത്യന്‍ സൈന്യം തന്നെയെന്ന് റിപ്പോര്‍ട്ട്. ഫെബ്രുവരി 27നാണ് ആറ് വ്യോമസൈനികരുടെ മരണത്തിനിടയായ മി 17 കോപ്ടര്‍ അപകടം. മോശം കാലാവസ്ഥയെ തുടര്‍ന്ന് കോപ്ടര്‍ തകര്‍ന്നുവീഴുകയായിരുന്നുവെന്നായിരുന്നു ഇതുവരെ ലഭ്യമായ വിവരം. എന്നാല്‍, കരസേന തൊടുത്ത ഇസ്രാഈല്‍ നിര്‍മിത സ്‌പൈഡര്‍ മിസൈല്‍ പതിച്ചാണ് കോപ്ടര്‍ വീണതെന്നും ഇതുസംബന്ധിച്ചുള്ള അന്വേഷണം ഇരുപത് ദിവസത്തിനകം പൂര്‍ത്തിയാകുമെന്നും സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഉപരിതലത്തില്‍ നിന്ന് വായുവിലേക്ക് തൊടുക്കുന്ന സ്‌പൈഡര്‍ മിസൈല്‍ പന്ത്രണ്ട് നിമിഷത്തിനുള്ളിലാണ് കോപ്ടറിനെ വീഴ്ത്തിയത്. മിസൈല്‍ തൊടുക്കുന്ന വിവരം അറിയില്ലായിരുന്നുവെന്നാണ് വ്യോമസേന പറയുന്നത്. ഏഴ് സൈനികരും ഒരു സിവിലിയനുമടക്കം കൊല്ലപ്പെട്ട സംഭവത്തിലെ കുറ്റക്കാരെ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ആക്ട് 1950 പ്രകാരം കൊലപാതകത്തിന് ശിക്ഷിക്കണമെന്നും വ്യോമസേനാ വൃത്തങ്ങള്‍ പറയുന്നു.
സംഭവത്തെ തുടര്‍ന്ന് ഒരു ഉന്നത വ്യോമസേനാ ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. കരസേനയും വ്യോമസേനയും തമ്മിലുള്ള ആശയവിനിമയത്തിലെ പാളിച്ചയാണ് ദുരന്തത്തിന് കാരണമെന്നും വ്യോമസേനാ അധികൃതര്‍ ജാഗ്രത പാലിച്ചില്ലെന്നുമാണ് വിവരം. അതേസമയം, മിസൈല്‍ തൊടുക്കാന്‍ അനുവാദം നല്‍കിയ ഉദ്യോഗസ്ഥരും അന്വേഷണ പരിധിയിലാണ്. ഇരുപത് ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും.
അതേസമയം, ഫെബ്രുവരി 27ന് നടന്ന സംഭവം തെരഞ്ഞെടുപ്പ് കഴിയുംവരെ പുറത്തറിയിരുതെന്ന് ‘മുകളില്‍ നിന്ന്’ നിര്‍ദേശമുണ്ടായെന്ന് സൂചനയുണ്ട്. സംഭവം മൂടിവെക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയെന്നും ഇതേപ്പറ്റി അറിയാവുന്ന ദേശീയ മാധ്യമങ്ങളടക്കം മൗനം പാലിക്കുകയായിരുന്നുവെന്നും പ്രതിരോധ വിദഗ്ധന്‍ അജയ് ശുക്ലയെ ഉദ്ധരിച്ച് ‘ദി വയര്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. സൈന്യത്തിന്റെ മിസൈലേറ്റ് വ്യോമസേനാ കോപ്ടര്‍ തകര്‍ന്ന കാര്യം പുറത്തറിഞ്ഞാല്‍ ബി.ജെ.പിക്ക് തെരഞ്ഞെടുപ്പില്‍ അത് തിരിച്ചടിയാകുമെന്നതിനാലാണ് സംഭവം മൂടിവെച്ചതെന്ന് ശുക്ല പറയുന്നു. പുല്‍വാമ ഭീകരാക്രമണത്തിന് പാകിസ്താനോട് ‘പകരം ചോദിച്ചു’വെന്ന് നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പലതവണ പ്രഖ്യാപിച്ചിരുന്നു.