രാമായണവുമായി ബന്ധപ്പെട്ട പി.ബാലചന്ദ്രന്‍ എംഎല്‍എയുടെ സമൂഹമാധ്യമ പോസ്റ്റ് വിവാദമായതോടെ പോസ്റ്റിനെ തള്ളി മന്ത്രി കെ.രാജന്‍. ബാലചന്ദ്രന് ജാഗ്രതക്കുറവുണ്ടായെന്നും അദ്ദേഹം പറഞ്ഞത് പാര്‍ട്ടി നിലപാടല്ലെന്നും രാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘അദ്ദേഹം കുറച്ചുകൂടി ജാഗ്രത കാണിക്കേണ്ടതായിരുന്നു. ഇത്തരം ഒരു കാലത്ത് ഒരു കമ്യൂണിസ്റ്റ് നേതാവ് ചെയ്യാന്‍ പാടില്ലാത്ത ഒരു പ്രവൃത്തിയാണ് അദ്ദേഹം ചെയ്തത്. വേണ്ടത്ര ജാഗ്രത അദ്ദേഹത്തിന് ഉണ്ടായിട്ടില്ല എന്നതും പാര്‍ട്ടിയുടെ അഭിപ്രായം ഇതല്ല എന്നതും അന്നുതന്നെ പാര്‍ട്ടി ജില്ലാ സെക്രട്ടറി അറിയിച്ചിരുന്നു”രാജന്‍ പറഞ്ഞു.
അതേസമയം, ഫേയ്‌സ്ബുക് പോസ്റ്റില്‍ പി.ബാലചന്ദ്രന്‍ എം.എല്‍.എയോട് സി.പി.ഐ വിശദീകരണം തേടി. വിശദീകരണം എഴുതി നല്‍കേണ്ടെന്നും ജില്ലാ എക്‌സിക്യുട്ടീവില്‍ നേരിട്ടെത്തി നല്‍കണമെന്നുമാണ് പാര്‍ട്ടിയുടെ നിര്‍ദേശം. ഈ മാസം 31നാണ് അടിയന്തര ജില്ലാ എക്‌സിക്യൂട്ടിവ് യോഗം. ഇതു സംബന്ധിച്ച കത്ത് പാര്‍ട്ടി ജില്ലാ സെക്രട്ടറി എം.എല്‍.എയ്ക്ക് കൈമാറി. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ അനുകൂല സാഹചര്യം ഇല്ലാതാക്കിയെന്നാണ് സി.പി.എം, സി.പി.ഐ നേതാക്കളുടെ വിമര്‍ശനം.
രാമായണത്തിലെ രാമനും ലക്ഷ്മണനും സീത പൊറോട്ടയും ഇറച്ചിയും വിളമ്പിക്കൊടുത്തു എന്നുള്ള കുറിപ്പാണു വിവാദമായത്. ഇതോടെ ഫെയ്‌സ്ബുക്കില്‍നിന്ന് കുറിപ്പ് പിന്‍വലിച്ച ബാലചന്ദ്രന്‍ ക്ഷമാപണവും നടത്തി.
ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത് പഴയ കഥയാണെന്നും ആരെയും മുറിപ്പെടുത്താന്‍ ഉദ്ദേശിച്ചില്ലെന്നും ഖേദം പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വിവാദ പോസ്റ്റുമായി ബന്ധപ്പെട്ട് എംഎല്‍എയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി വ്യക്തമാക്കിയതിനു പിന്നാലെയാണ് ഖേദപ്രകടനം.