തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും മകളുടെയും മരണത്തിനിടയാക്കിയ അപകടം ഉണ്ടായപ്പോള്‍ വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌കര്‍ തന്നെയായിരുന്നു എന്ന് സാക്ഷി മൊഴികള്‍. രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തവരും സ്ഥലത്തുണ്ടായിരുന്നവരുമായിരുന്ന അഞ്ച് പേരാണ് മൊഴി നല്‍കിയത്.
അപകടം നടന്നതിന് സമീപമുള്ള വീട്ടുകാരുടെയും പിന്നില്‍ വന്ന വാഹനത്തിലുണ്ടായിരുന്ന കൊല്ലം സ്വദേശിയുടെയും മൊഴികളാണ് നിര്‍ണായകമായത്. ചില മൊഴികള്‍ കൂടി രേഖപ്പെടുത്തിയാല്‍ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് പൊലീസിന്‍ന്റെ പ്രതീക്ഷ.
അതേസമയം ബാലഭാസ്‌ക്കറിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെ സംഘം അപകട സ്ഥലം സന്ദര്‍ശിച്ചു. വാഹനവും ഫൊറന്‍സിക് സംഘവും പരിശോധിച്ചു. പരിക്കുകളും അപകട നടന്ന രീതിയും പരിശോധിച്ച് ഫൊറന്‍സിക് സംഘം റിപ്പോര്‍ട്ട് നല്‍കും. രക്ഷാപ്രവര്‍ത്തിന് ആദ്യമെത്തിയ കെ.എസ്.ആര്‍.ടി.സി െ്രെഡവറുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.
അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌കറായിരുന്നില്ല െ്രെഡവര്‍ അര്‍ജ്ജുനായിരുന്നുവെന്നായിരുന്നു ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി. അപകട സമയത്ത് ബാലഭാസ്‌കര്‍ പിന്‍സീറ്റില്‍ വിശ്രമിക്കുകയായിരുന്നു. ദീര്‍ഘദൂര യാത്രയില്‍ ബാലഭാസ്‌കര്‍ വണ്ടി ഓടിക്കാറില്ലെന്നും ഭാര്യ ലക്ഷ്മി മൊഴി നല്‍കിയിരുന്നു. എന്നാല്‍ ബാലഭാസ്‌ക്കറായിരുന്നു വാഹനമോടിച്ചിരുന്നതെന്നാണ് അര്‍ജുന്റെ മൊഴിയുണ്ടായിരുന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നുള്ള ബാലഭാസ്‌ക്കറിന്റെ പിതാവിന്റെ പരാതിയാണ് മൊഴികളിലെ വൈദുദ്ധ്യം വീണ്ടും അന്വേഷിക്കാന്‍ കാരണം.