വാഹനപകടത്തില്‍ മരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മൊബൈല്‍ ഫോണ്‍ ദുരൂഹ സാഹചര്യത്തില്‍ ഡി.ആര്‍.എ കണ്ടെടുത്തു. സ്വര്‍ണ കടത്തുമായി ബന്ധപ്പെട്ട് പ്രകാശ് തമ്പിയുടെ വീട് റെയ്ഡ് ചെയ്തപ്പോഴാണ് മൊബൈല്‍ ഫോണ്‍ ലഭിച്ചത്. ഫോണ്‍ കണ്ടെടുത്തതോടെ കേസില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിയ്ക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
അപകടത്തിന് ശേഷം ബാലഭാസ്‌കറിന്റെ മൊബൈല്‍ ഫോണ്‍ എവിടെ പോയി എന്നത് ദുരൂഹമായിരുന്നു. ഫോണും പഴ്സും പ്രകാശ് തമ്പിയുടെ കൈവശം ആയിരുന്നു ഉണ്ടായിരുന്നത് എന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ബാലഭാസ് കറിന് അവസാനം വന്ന ഫോണ്‍കോളുകള്‍ പരിശോധിക്കണം എന്ന ആവശ്യവും ഉയര്‍ന്നിരുന്നു.
പ്രകാശ് തമ്പിയുടെ വീട്ടില്‍ നിന്നും രണ്ട് മൊബൈല്‍ ഫോണുകളാണ് ഡി.ആര്‍.ഐ കണ്ടെത്തിയത്. കണ്ടെടുത്ത മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും. അതേസമയം ബാലഭാസ്‌കറിന്റെ ഓര്‍മ്മയ്ക്കായാണ് താന്‍ ഫോണ്‍ സൂക്ഷിച്ചതെന്നാണ് പ്രകാശ് തമ്പി പറഞ്ഞത്. പഴ്സ് താന്‍ തിരികെ കൊടുത്തതായും ഫോണ്‍ കൈയില്‍ സൂക്ഷിക്കുകയായിരുന്നു എന്നും പ്രകാശ് തമ്പി പറഞ്ഞു. ബാലഭാസ്‌കറിന്റെ മൊബൈല്‍ ഫോണ്‍ ഡി.ആര്‍.ഐ കണ്ടെടുത്തതായി പ്രകാശ് തമ്പി ക്രൈം ബ്രാഞ്ചിന് മൊഴിയും നല്‍കിയിട്ടുണ്ട്.
ബാലഭാസ് കറിന്റെ മൊബൈല്‍ ഫോണിലെ ചിത്രങ്ങള്‍ ഉപയോഗിച്ച് ഒരു ആല്‍ബം ചിത്രീകരിക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നു എന്നും മൊഴി നല്‍കിയിട്ടുണ്ട്. ബാലഭാസ് കറിന്റെ മരണശേഷം ഈ മൊബൈല്‍ ഫോണിനെ കുറിച്ചും പോലീസ് അന്വേഷിച്ചിരുന്നു. എന്നാല്‍ അന്ന് ആരുടെ കൈവശമാണ് മൊബൈല്‍ ഉണ്ടായിരുന്നുവെന്നത് അജ്ഞാമായിരുന്നു.
ബാലഭാസ്‌കര്‍ കൊല്ലത്തെ ജ്യൂസ് കടയിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ താന്‍ ശേഖരിച്ചതായി നേരെത്തെ പ്രകാശ് തമ്പി ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചിരുന്നു. ജമീല്‍, സനല്‍ രാജ് എന്നീ സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയാണ് സിസിടിവി ദൃശ്യങ്ങള്‍ തമ്പി ശേഖരിച്ചത്. ക്രൈംബ്രാഞ്ച് ഈ മൊഴി സ്ഥിരീകരിക്കുകയും ചെയ്തു. കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി ക്രൈംബ്രാഞ്ച് ജമീലിനെയും സനല്‍ രാജിനെയും ചോദ്യം ചെയ്യും. എന്നാല്‍ പ്രകാശ് തമ്പി സിസിടിവി ദൃശ്യങ്ങള്‍ കൊണ്ട് പോയിട്ടില്ലെന്ന് കടയുടമ ഷംനാത് മൊഴി മാറ്റിയിരുന്നു. ഈ സാഹചര്യത്തില്‍ തമ്പിയോടൊപ്പം വന്ന രണ്ടു പേരുടെ മൊഴി നിര്‍ണായകമാകും. എന്നാല്‍ അപകട സമയത്ത് വാഹനത്തില്‍ നിന്നും സ്വര്‍ണവും പണവും കണ്ടെത്തിയതില്‍ ദുരൂഹതയില്ലെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചു. ആഭരണങ്ങള്‍ ഭാര്യ ലക്ഷ്മിയുടെയും മകളുടെയും ആകാമെന്ന നിഗമനത്തില്‍ നേരത്തെ തന്നെ പോലീസ് ലക്ഷ്മിക്ക് കൈമാറിയിരുന്നു.