തിരുവനന്തപുരം: വാഹനാപകടത്തില്‍ മരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിക്കു ബോധം തെളിഞ്ഞു. സുഹൃത്തും സംഗീതജ്ഞനുമായ സ്റ്റീഫന്‍ ദേവസ്സി ഏഷ്യാനെറ്റ് ന്യൂസിനോടാണ് ഈ കാര്യം അറിയിച്ചത്. ലക്ഷ്മിയുടെ നിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ആസ്പത്രി വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ലക്ഷി ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തില്‍ തന്നെ കഴിയുകയാണ്.
ലക്ഷ്മിക്കു ഇനിയും സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഭര്‍ത്താവ് ബാലഭാസ്‌കറിന്റെയും മകള്‍ തേജസ്വിനി ബാലയുടെയും മരണം ഇതുവരെ ലക്ഷി അറിയിച്ചിട്ടില്ല. അവരോട് ഇത് എങ്ങനെ പറയുമെന്ന മാനസിക സംഘര്‍ഷത്തിലാണ് ബന്ധുക്കള്‍.
ലക്ഷ്മി കഴിഞ്ഞ ദിവസം കണ്ണുതുറന്നതായി ഡോക്ടര്‍ സുരേഷ് അറിയിച്ചതായി സ്റ്റീഫന്‍ പറഞ്ഞു. ലക്ഷ്മിക്കു ബോധം തെളിഞ്ഞതായും അവര്‍ പ്രതികരിക്കുന്നുണ്ടെന്നും ഇപ്പോള്‍ അവര്‍ക്ക് എല്ലാം കേള്‍ക്കാനും കാണാനും തിരിച്ചറിയാന്‍ കഴിയുന്നുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു. തിങ്കളാഴ്ചയോടെ ലക്ഷ്മിയെ വെന്റിലേറ്ററില്‍നിന്നു മാറ്റാന്‍ സാധിക്കുമെന്നാണ് ഡോക്ടര്‍മാരുടെ പ്രതീക്ഷയെന്നും സ്റ്റീഫന്‍ കൂട്ടിച്ചേര്‍ത്തു.
അപകടത്തില്‍പ്പെട്ട് ഒരാഴ്ച്ചയോളം ചികില്‍സയില്‍ കഴിഞ്ഞ ശേഷമായിരുന്നു ബാലഭാസ്‌കര്‍ മരണത്തിന് കീഴടങ്ങിയത്. രണ്ടിന് പുലര്‍ച്ചെയായിരുന്നു അന്ത്യം. അപകടത്തില്‍ തലക്കും കഴുത്തിനും നട്ടെല്ലിനും പരിക്കേറ്റ ബാലഭാസ്‌ക്കറിനെ ഒന്നിലധികം ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.അപകടനില തരണം ചെയ്ത് വരുന്നതിനിടെയുണ്ടായ ഹൃദയാഘാതം മൂലമായിരുന്നു മരണം.
ലക്ഷ്മിക്കൊപ്പം വാഹനം ഓടിച്ചിരുന്ന സുഹൃത്ത് അര്‍ജുനും ആശുപത്രിയില്‍ ചികിത്സയിലാണ്. ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോള്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപ് ജംഗ്ഷനു സമീപം പുലര്‍ച്ചെ നാലോടെയായിരുന്നു അപകടമുണ്ടായത്. ബാലഭാസ്‌കറും കൂടുംബവും സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. അര്‍ജുനായിരുന്നു വണ്ടിയോടിച്ചിരുന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പൊലീസ് നിഗമനം