സിനു എസ്.പി കുറുപ്പ്
തിരുവനന്തപുരം: ശാസ്ത്രീയ സംഗീതത്തേയും പാശ്ചാത്യ സംഗീതത്തേയും സംയോജിപ്പിച്ച് ബാലഭാസ്‌കര്‍ രൂപം നല്‍കിയ ഫ്യൂഷന്‍ സംഗീതധാര ഇന്ത്യയിലെ പല വേദികളിലും ജനശ്രദ്ധപിടിച്ചുപറ്റി. ഇലക്ട്രിക് വയലിനിലൂടെ ബാലു കൈ ചലിപ്പിച്ചപ്പോള്‍ 2000ത്തിലേയും 2010ലേയും യുവതലമുറ ഇളകിയാടി. ലോകപ്രശസ്തരായ സംഗീതജ്ഞര്‍ക്കൊപ്പം ഫ്യൂഷന്‍ ഒരുക്കി സംഗീതപ്രേമികളുടെ ഹൃദയതാളത്തില്‍ ബാലഭാസ്‌കര്‍ അലിഞ്ഞു ചേര്‍ന്നു. അതേസമയം ചിട്ടയായ ശുദ്ധസംഗീതം നിലനിര്‍ത്താനും അദ്ദേഹം ശ്രദ്ധിച്ചു.
ഫ്യൂഷന്‍ സംഗീതത്തെ കുറിച്ച് ബാലഭാസ്‌കറിന്റെ വാക്കുകള്‍ ഇപ്പോഴും ആരാധകരുടെ കാതില്‍ അലയടിക്കുകയാണ്. ‘ഫ്യൂഷനില്‍ നിയമത്തിന്റെ വേലികളില്ല, സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ സ്വാതന്ത്ര്യം കൂടുതലെടുത്തു കുളമാക്കിയാല്‍ കഴിഞ്ഞു. അതുകൊണ്ടു സ്വാതന്ത്ര്യം അനുഭവിച്ചുകൊണ്ടുതന്നെ സംഗീതത്തിന്റെ അപാര അനുഭവം പങ്കുവയ്ക്കാനാണു ഞാന്‍ ശ്രമിക്കുക. എന്നാല്‍ ശാസ്ത്രീയ സംഗീത കച്ചേരികള്‍ക്കു നിയതമായൊരു രൂപമുണ്ട്. അതില്‍നിന്നു വ്യതിചലിക്കാന്‍ പാടില്ല. അതിന്റെ ഉള്ളില്‍ നില്‍ക്കുമ്പോഴും ഞാന്‍ സന്തോഷിക്കുന്നു. രണ്ടിന്റെയും ഭംഗിയും ഞാന്‍ ആസ്വദിക്കുന്നു”, ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാതെ ഉദയസൂര്യന്‍ കാലയവനികക്കുള്ളില്‍ അസ്തമിക്കുകയായിരുന്നു.
യൂണിവേഴ്‌സിറ്റി കോളജില്‍ പഠിക്കുമ്പോള്‍ ബാലഭാസ്‌കര്‍ തുടങ്ങിയ കണ്‍ഫ്യൂഷന്‍ ആണ് ഒരുപക്ഷെ കേരളത്തിലെ കലാലയങ്ങളില്‍ ആദ്യത്തെ മ്യൂസിക് ബാന്‍ഡ്. കോണ്‍സണ്‍ട്രേറ്റഡ് ഇന്‍ ടു ഫ്യൂഷന്‍ എന്നതിന്റെ ചുരുക്കപ്പേരായി ബാന്റിന് പേരിട്ടതും ബാലുവാണ്. മൂന്ന് പാട്ടുകാര്‍ ഉള്‍പ്പെടെ എട്ട് സഹപാഠികളാണ് ബാന്‍ഡിലുണ്ടായിരുന്നത്. നിനക്കായി, നീ അറിയാന്‍ തുടങ്ങി അന്ന് കലാലയങ്ങളില്‍ ഹിറ്റായ ആല്‍ബങ്ങളാണ് കണ്‍ഫ്യൂഷന്‍ പുറത്തിറക്കിയത്. ടെലിവിഷന്‍ ചാനലുകള്‍ ഈ ഗാനങ്ങള്‍ ആവര്‍ത്തിച്ച് പ്രക്ഷേപണം ചെയ്തു. ആരു നീ എന്നോമലേ….. എന്നു തുടങ്ങുന്ന പാട്ട് പ്രതീക്ഷകളെയെല്ലാം കടത്തിവെട്ടി അന്ന് കാമ്പസുകള്‍ ഏറ്റെടുത്തു. സുഹൃത്ത് ജോയ് തമലം എഴുതിയ വരികള്‍ ബാലു തന്നെയാണ് പാടിയത്.
പൂജപ്പുരയില്‍ വാടകവീട്ടില്‍ താമസിച്ചാണ് ഫ്യൂഷന്‍ ഷോകള്‍ നടത്തിയത്. രണ്ടുവര്‍ഷം പ്രായമുള്ള കണ്‍ഫ്യൂഷന്‍ ബാന്റ് ഇതിനിടെ പിരിഞ്ഞു. കുറച്ചു നാളത്തെ ഇടവേളക്കുശേഷം ദി ബിഗ് ബാന്റ് പിറവിയെടുത്തു. ടെലിവിഷന്‍ ചാനലില്‍ ആദ്യമായി ഫ്യൂഷന്‍ പരമ്പരയോടെയാണ് ബാന്‍ഡ് തുടങ്ങിയത്. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, നെയ്യാറ്റിന്‍കര വാസുദേവന്‍, കലാമണ്ഡലം ഹൈദരലി തുടങ്ങിയ സംഗീതകാരന്‍മാരുമായി അഭിമുഖവും ഫ്യൂഷനുമായി ഓരോ ആഴ്ചയും പരിപാടിക്ക് പ്രേക്ഷകര്‍ കൂടുകയായിരുന്നു. കുറേനാള്‍ ബാന്റില്ലാതെ ബാലലീല എന്ന പേരില്‍ സ്വന്തം സംഗീത പരിപാടികളുമായി ലോകം ചുറ്റി. ക്വാബോന്‍ കെ പരിന്‍ഡെ എന്ന പേരില്‍ ഹിന്ദി ആല്‍ബവും അദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്.