തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ കാറപകട മരണത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം മറ്റൊരു വഴിത്തിരിവിലേക്ക്. ബാലഭാസ്‌കര്‍ അപകടത്തില്‍ പെടുമ്പോള്‍ സംഭവ സ്ഥലത്തുണ്ടായിരുന്ന വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതിയാണെന്നാണ് സൂചന. ബാലഭാസ്‌കറിന്റെ അപകട സമയത്ത് ഏറെ നേരം ഇയാളുടെ മൊബൈല്‍ ഫോണ്‍ ടവര്‍ ആ സ്ഥലത്തായിരുന്നു ഉണ്ടായിരുന്നത്.
എയര്‍പോര്‍ട്ട് വഴി 25 കിലോ സ്വര്‍ണം കടത്തിയ കേസില്‍ അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുന്ന പ്രതിയാണ് ഇയാളെന്നാണ് റിപ്പോര്‍ട്ട്. കേസിനെ തുടര്‍ന്ന് മുങ്ങിയ ഇയാളെ പിന്നീട് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
2019 മെയ് 13നാണ് 25 കിലോ സ്വര്‍ണം ഡിആര്‍ഐ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്) പിടികൂടിയത്. ഈ കേസിലെ പ്രതിയാണ് ഇയാള്‍. ഇതു കൂടാതെ തന്നെ നിരവധി തവണ ഇയാള്‍ വിമാന താവളം വഴി സ്വര്‍ണം കടത്തിയിട്ടുണ്ട്. ഇയാളെ കണ്ടുകിട്ടുന്നതോടെ സ്വര്‍ണക്കടത്തു കേസുകളില്‍ കൂടുതല്‍ വ്യക്തത വരുത്താനാവുമെന്നാണ് അന്വേഷണ സംഘം പറയുന്നത്.
ബാലഭാസ്‌കര്‍ അപകടത്തില്‍പെട്ട സ്ഥലത്ത് ദുരൂഹ സാഹചര്യത്തില്‍ ചിലരെ കണ്ടതായി നേരത്തെ കലാഭവന്‍ സോബി വെളിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് സോബിയെ സിബിഐ വിളിച്ചു വരുത്തി മൊഴിയെടുത്തിരുന്നു. സോബിയുടെ മൊഴി പ്രകാരമാണ് ഈ വ്യക്തിയെ കുറിച്ചു വിവരം ലഭിച്ചത്. സ്വര്‍ണക്കടത്തുമായി ബന്ധമുള്ള 32 പേരുടെ ചിത്രങ്ങള്‍ ഡിആര്‍ഐ സോബിയെ കാണിച്ചതിനെ തുടര്‍ന്നാണ് ഇയാളെ തിരിച്ചറിഞ്ഞത്.
അപകട സ്ഥലത്തു കൂടി കടന്നുപോയ സോബിയോട് വാഹനം നിര്‍ത്താതെ പോവാന്‍ ഇയാള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് വാഹനം വേഗത്തില്‍ പോവാന്‍ പറഞ്ഞ് ഇയാള്‍ ആക്രോശിക്കുകയും ചെയ്തു.
ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളില്‍ ചിലരും സ്വര്‍ണക്കടത്തു കേസിലെ പ്രതികളായിരുന്നു. 2018 സെപ്തംബര്‍ 25ന് പുലര്‍ച്ചെയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ ദേശീയപാതയില്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാമ്പ് ജങ്ഷനു സമീപം അപകടത്തില്‍പെട്ടത്. ബാലഭാസ്‌കറും മകളും മരിച്ചു. ഭാര്യക്കു ഗുരുതരമായി പരിക്കേറ്റു.