X

ബാലഭാസ്‌ക്കറിന്റെ മരണം ; ക്രൈം ബ്രാഞ്ച് സ്വര്‍ണക്കടത്ത് പ്രതികളുടെ വിവരങ്ങള്‍ ശേഖരിച്ചു

തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന ഡിആര്‍ഐ ഉദ്യോഗസ്ഥരില്‍ നിന്ന് ബാലഭാസ്‌കറിന്റെ മരണത്തെപ്പറ്റി അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് വിവരങ്ങള്‍ ശേഖരിച്ചു. ബാലഭാസ്‌ക്കറിന്റെ പ്രോഗ്രാം കോര്‍ഡിനേറ്ററായ പ്രകാശ് തമ്പിയെ ഡിആര്‍ഐ സ്വര്‍ണ്ണക്കടത്തില്‍ പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ഒളിവില്‍ കഴിയുന്ന പ്രധാന പ്രതി വിഷ്ണുവാണ് ബാലഭാസ്‌കറിന്റെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്.
ബാലഭാസ്‌കറിന്റെ മരണത്തില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നും ബാലഭാസ്‌കറിന്റെ നിക്ഷേപങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാവുന്നത് സുഹൃത്തുക്കള്‍ക്ക് ആയിരുന്നുവെന്നും അച്ഛന്‍ കെ സി ഉണ്ണിയുടെ പരാതിയിലുണ്ട്.
ഈ സാഹചര്യത്തിലാണ് ഡിആര്‍ഐ ഉദ്യോഗസ്ഥരില്‍ നിന്ന് ബാലഭാസ്‌കറിന്റെ മരണം സംബന്ധിച്ച പരാതി അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം വിവരങ്ങള്‍ ശേഖരിച്ചത്.
എന്നാല്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതിസ്ഥാനത്തുള്ള പ്രകാശ് തമ്പി,വിഷ്ണു എന്നിവര്‍ ബാലഭാസ്‌കറിന്റെ മാനേജര്‍മാര്‍ അല്ലായിരുന്നുവെന്നും ചില പ്രാദേശിക പ്രോഗ്രാമുകളുടെ കോര്‍ഡിനേഷന്‍ മാത്രമേ ഇവര്‍ നടത്തിയിരുന്നുള്ളൂ എന്നുമാണ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ പ്രതികരണം. ലക്ഷ്മി ബാലഭാസ്‌കറിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പ്രതികരിച്ചിരുന്നു.

Test User: