X

ബാലഭാസ്‌ക്കറിന്റെ മരണം ദുരൂഹമോ; പുതിയ വെളിപ്പെടുത്തല്‍ അപകടത്തിലെ ചുരുളഴിക്കുമോ

ബാലഭാസ്‌ക്കറിന്റെ ട്രൂപ്പ് കോര്‍ഡിനേറ്റര്‍ പ്രകാശ് തമ്പി ഉള്‍പ്പെടെയുള്ളവര്‍ സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായതോടെ പുറത്തുവെന്ന പുതിയ വെളിപ്പെടുത്തല്‍ വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ അപകടമരണത്തിലെ ചുരുളഴിക്കുമോ. ബാലഭാസ്‌ക്കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് ഗായകന്റെ അച്ഛന് നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസമാണ് സംഭവുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തല്‍ പുറത്തുവന്നിരിക്കുന്നത്. അപകടം നടന്നതിന് പിന്നാലെ അതുവഴി യാത്രചെയ്ത കലാഭവന്‍ സോബിയാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ബാലഭാസ്‌ക്കറിന്റെ ട്രൂപ്പ് കോര്‍ഡിനേറ്റര്‍ പ്രകാശ് തമ്പി ഉള്‍പ്പെടെയുള്ളവര്‍ സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായതോടെയാണ് ‘ചില അസ്വാഭാവിക കാര്യങ്ങള്‍’ കലാഭവന്‍ സോബി വെളിപ്പെടുത്തിയത്.
2018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ചാണ് ബാലഭാസ്‌ക്കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. നിയന്ത്രണംവിട്ട കാര്‍ മരത്തിലിടിച്ച് ബാലഭാസ്‌ക്കറിന്റെ മകള്‍ തേജസ്വിനി ബാല തല്‍ക്ഷണം മരിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന ബാലഭാസ്‌ക്കര്‍ ചികിത്സയില്‍ കഴിയുന്നതിനിടെയും മരിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്ന ലക്ഷ്മി ഏറെനാള്‍ ചികിത്സയിലായിരുന്നു. ബാലഭാസ്‌ക്കറിന്റെ അപകടമരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ പിതാവ് പൊലീസ് മേധാവിക്കടക്കം പരാതി നല്‍കിയിരുന്നു. ഇതുടര്‍ന്നാണ് അന്വേഷണം െ്രെകംബ്രാഞ്ചിന് വിട്ടത്.
മെയ് 13നാണ് സ്വര്‍ണക്കടത്ത് കേസിലെ ആദ്യ അറസ്റ്റുണ്ടായത്. തിരുവനന്തപുരം സ്വദേശികളായ സുനില്‍കുമാര്‍, സെറീന എന്നിവരെയാണ് ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. ഇതോടെയാണ് സ്വര്‍ണക്കടത്തിന് പിന്നിലെ വന്‍ മാഫിയയെസംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചത്. തൊട്ടുപിന്നാലെയാണ് സ്വര്‍ണക്കടത്ത് സംഘത്തിലെ പ്രധാനിയായ അഡ്വ. ബിജു മോഹന്‍, ഇയാളുടെ ഭാര്യ, പ്രകാശ് തമ്പി തുടങ്ങിയവരിലേക്ക് അന്വേഷണം വ്യാപിച്ചത്.
അപകടം നടന്നതിന് പിന്നാലെ ഒരാള്‍ ഓടിപ്പോകുന്നതും മറ്റൊരാള്‍ ബൈക്ക് തള്ളിപ്പോകുന്നതും കണ്ടെന്നും ഇരുവരുടെയും അസ്വാഭാവിക പെരുമാറ്റങ്ങളും നീക്കങ്ങളും അന്നേ സംശയം ജനിപ്പിച്ചെന്നും സോബി പറഞ്ഞു. പിന്നീട് തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത് ബാലഭാസ്‌ക്കറിന്റെ വാഹനമാണെന്ന വാര്‍ത്തയറിഞ്ഞത്. ഉടന്‍തന്നെ സുഹൃത്തായ മധു ബാലകൃഷ്ണനെ വിവരമറിയിച്ചു. അദ്ദേഹം പ്രകാശ് തമ്പിയോട് കാര്യം പറയുകയും പ്രകാശ് തമ്പി തന്നെ ഫോണില്‍ വിളിക്കുകയും ചെയ്തു. ആറ്റിങ്ങല്‍ സി.ഐ. കൂടുതല്‍ വിവരങ്ങള്‍ക്കായി തന്നെ വിളിക്കുമെന്നാണ് പ്രകാശ് തമ്പി അന്ന് തന്നോട് പറഞ്ഞത്.
എന്നാല്‍ ഇക്കാര്യത്തില്‍ പിന്നീട് ഒരു പുരോഗതിയുമുണ്ടായില്ലെന്നും സോബി പറഞ്ഞു. ബാലഭാസ്‌ക്കറിന്റെ ട്രൂപ്പ് കോര്‍ഡിനേറ്ററായിരുന്ന പ്രകാശ് തമ്പിയെ സ്വര്‍ണക്കടത്ത് കേസില്‍ കഴിഞ്ഞദിവസം പിടികൂടിയിരുന്നു. ഇതിനുപുറമേ ബാലഭാസ്‌ക്കറിന്റെ സുഹൃത്തായ വിഷ്ണുവിനെയും സ്വര്‍ണക്കടത്ത് കേസില്‍ ഡി.ആര്‍. ഐ തിരയുകയാണ്. സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍പേര്‍ പിടിയിലായതോടെ ഇയാള്‍ ഒളിവില്‍പോവുകയായിരുന്നു.

chandrika: