ത്യാഗ സ്മരണയായ ബലിപെരുന്നാള്‍ ദിനം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സമര്‍പ്പിക്കാന്‍ മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഈദ് സന്ദേശത്തില്‍ ആഹ്വാനം ചെയ്തു.
കനത്ത മഴയും പ്രളയവും ദുരിതം വിതച്ച മണ്ണില്‍ ജീവന്‍ രക്ഷിക്കാന്‍ അപേക്ഷിച്ചു കൊണ്ടു നിസ്സഹായരായി നില്‍ക്കുന്നവര്‍ക്കു നേരെ ആശ്വാസത്തിന്റെ കൈകള്‍ നീട്ടുന്നത് തന്നെയാണ് ഏറ്റവും വലിയ ത്യാഗം. ബലിപെരുന്നാളിന്റെ വിശ്വാസപരമായ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയാലുടന്‍ ദുരിതബാധിതരെ സഹായിക്കാനും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും ഓരോരുത്തരും ഇറങ്ങിത്തിരിക്കണം. എല്ലാവരും കൈകോര്‍ത്തിറങ്ങിയാല്‍ ദുരന്ത ഭൂമികളില്‍ നേരത്തെ മറഞ്ഞുപോയ ജീവനുകളൊഴികെ മറ്റുനഷ്ടങ്ങള്‍ പലതും പരിഹരിച്ചു കൊടുക്കാന്‍ കഴിയും. ആ മഹത്തായ ലക്ഷ്യത്തില്‍ ഒരൊറ്റ വീട്ടിലെ അംഗങ്ങളെ പോലെ എല്ലാ മലയാളികളും ഒരുമിച്ചു നില്‍ക്കുന്നതാണ് നമുക്ക് ഏറ്റവും വലിയ പെരുന്നാള്‍.
ജില്ലാ അധികൃതര്‍ നടത്തുന്ന രക്ഷാ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി എല്ലാവരും സഹകരിക്കണം.
ജനപ്രതിനിധികളും സംഘടനാ പ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരുമെല്ലാം ഏകോപിച്ചു പ്രവര്‍ത്തിക്കുന്നതാണ് കൂടുതല്‍ ഫലപ്രദമാവുക.
കാലവര്‍ഷക്കെടുതിയില്‍ ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട് ദുരിതത്തിലായ കുടുംബങ്ങളിലേക്കും ആശ്വാസമെത്തിക്കണം. കഴിഞ്ഞകാല പ്രളയത്തെ ഐക്യം കൊണ്ട് അതിജീവിച്ചപാഠം നമുക്ക് മുമ്പിലുണ്ട്. തങ്ങള്‍ പറഞ്ഞു.
പ്രളയ ദുരിതത്തിന്റെ അത്യന്തം ആശങ്കാജനകമായ സാഹചര്യത്തിലാണ് കേരളം ബലിപെരുന്നാളിലേക്കു പ്രവേശിക്കുന്നത്. അതോടൊപ്പം ലോകമെങ്ങും വിശ്വാസികള്‍ക്കു മുന്നില്‍ സങ്കീര്‍ണമായ സാഹചര്യങ്ങള്‍ വന്നുനില്‍ക്കുന്നു.
ന്യൂനപക്ഷങ്ങളില്‍ ഭയാശങ്കകള്‍ വിതറും വിധം മഹത്തായ ഭരണഘടനാതത്വങ്ങളെ നിഷ്ഫലമാക്കുന്ന തരത്തില്‍ രാജ്യത്ത് പല നിയമനിര്‍മാണങ്ങളുമുണ്ടാകുന്നു. വിശ്വാസത്തിന്റെയും ജാതിയുടെയും പേരില്‍ മനുഷ്യജീവന്‍ ഹനിക്കപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നു.
ലോകത്തിന്റെ ശാന്തി കെടുത്തുന്ന അക്രമപ്രവര്‍ത്തനങ്ങള്‍ അരങ്ങേറുന്നു. ഇതിനെയെല്ലാം സാഹോദര്യം കൊണ്ടും പ്രാര്‍ത്ഥന കൊണ്ടും അതിജയിക്കാനാവണം. നീതി നിഷേധിക്കപ്പെടുന്നവര്‍ക്ക് അതു നേടികൊടുക്കണം. കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പണം. നാട്ടില്‍ മനുഷ്യരെല്ലാം ഒന്നാണ് എന്ന മാനവിക ഏകതയുടെ സന്ദേശം മുറുകെപ്പിടിച്ചു മുന്നോട്ടുപോവുക.
എല്ലാവര്‍ക്കും പ്രാര്‍ത്ഥനകള്‍ നിറഞ്ഞ ഈദാശംസകള്‍.