തിരൂരങ്ങാടി: പൊതു സ്ഥലത്ത് ഇരുട്ടിന്റെ മറവില്‍ നിരന്തരം മാലിന്യം നിക്ഷേപിക്കുന്നതു മായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തിരൂരങ്ങാടി നഗരസഭ ആരോഗ്യ ജീവനക്കാര്‍ രാത്രിയില്‍ കാവലിരുന്ന് വാഹനമടക്കം പിടികൂടിയ സംഭവത്തില്‍ ചെമ്മാട് ബേക്കറി ഉടമയ്ക്ക് 50,000 രൂപ പിഴ ഒടുക്കേണ്ടി വന്നു.
സ്ഥാപനം അടച്ചു പൂട്ടാതിരിക്കാന്‍ 24 മണിക്കൂറിനകം വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ട് നഗരസഭ സ്ഥാപനത്തിന് നോട്ടിസ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കടയുടമ മാപ്പപേക്ഷ
നല്‍കിയെങ്കിലും 50.000 രൂപ പിഴയടക്കാനും മാലിന്യ സംസ്‌കരണത്തിന് സംവിധാനം ഒരുക്കി നഗരസഭക്ക് റിപ്പോര്‍ട്ട് ചെയ്യാനും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വീണ്ടും നോട്ടിസ് നല്‍കിയിരുന്നു.
ഇന്ന് കാലത്ത് 50,000 രൂപ നഗരസഭയില്‍ പിഴ അടവാക്കിയും ജൈവ മാലിന്യ സംസ്‌കരണത്തിന് ബയോഗ്യാസ് പ്ലാന്റ്സ്ഥാപിച്ചതായും പ്ലാസ്റ്റിക് മാലിന്യം ഹരിത കര്‍മ്മ സേനക്ക് കൈമാറുമെന്ന ഉറപ്പിന്മേലും പിടിച്ചെടുത്ത സ്‌കൂട്ടര്‍ വിട്ട് നല്‍കി കേസ്സ് അവസാനിപ്പിച്ചത്. മാലിന്യങ്ങള്‍ പൊതു സ്ഥലത്ത് തള്ളുന്നവര്‍ക്കെതിരെ മുഖം നോക്കാതെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അതില്‍ ഒരു വിട്ടു വീഴ്ചക്കും തയ്യാറല്ലെന്നും നഗരസഭ അധികൃതര്‍ നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.