ഒഡീഷയില്‍ ആദ്യ ബി.ജെ.പി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ, ഗ്രഹാം സ്റ്റെയിന്‍സ് കേസില്‍ ശിക്ഷാമോചന ഹരജി സമര്‍പ്പിച്ച് പ്രതി ദാരാ സിങ്. ഹരജിയില്‍ ആറ് മാസത്തിനകം മറുപടി നല്‍കണമെന്ന് സുപ്രീം കോടതി ഒഡീഷ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ്വി.എന്‍. ഭട്ടി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദേശം.
ഓസ്ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റെയിന്‍സിനെയും പ്രായപൂര്‍ത്തിയാകാത്ത രണ്ട് മക്കളെയും ചുട്ടു കൊന്ന കേസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന പ്രതിയാണ് ദാരാ സിങ്. ജീവപര്യന്തം തടവുകാരെ അകാലത്തില്‍ മോചിപ്പിക്കുന്നതിനുള്ള 2022 ലെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി തന്റെ കേസ് പരിഗണിക്കാന്‍ ഒഡീഷ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാണ് ഹരജിയിലെ ആവശ്യം.
രാജ്യത്തെ തന്നെ നടുക്കിയ കൊലപാതക കേസുകളിലൊന്നാണ് ഗ്രഹാം സ്റ്റെയിന്‍സിന്റേയും കുട്ടികളുടെയും. 1999 ജനുവരി 22-ന് ഗോത്രവര്‍ഗക്കാരുടെ ആധിപത്യമുള്ള കിയോഞ്ജറിലെ മനോഹര്‍പൂര്‍ ഗ്രാമത്തില്‍ നടന്ന ഈ ദാരുണമായ കൊലപാതകങ്ങള്‍ അന്താരാഷ്ട്ര പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
സ്റ്റെയിന്‍സും മക്കളായ ഫിലിപ്പും (10), തിമോത്തിയും (6) ഉറങ്ങുകയായിരുന്ന വാഹനത്തിന് നേരെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകനായ ദാരയുടെ നേതൃത്വത്തിലുള്ള സംഘം തീയിടുകയായിരുന്നു. മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു ഈ ക്രൂരത. അതേസമയം സിങിന്റെ ഹരജിക്കെതിരെ പ്രതിപക്ഷം ശക്തമായ വിമര്‍ശനവുമായി രംഗത്തു വന്നിട്ടുണ്ട്.
‘ഹരജിയുടെ സമയം സംശയാസ്പദമാണ്. വര്‍ഷങ്ങളോളം അയാള്‍ ജയിലിലായിരുന്നു. അപ്പോഴൊന്നും ഇങ്ങനെയൊരു നീക്കമുണ്ടായിരുന്നില്ല. എന്നാല്‍, സംസ്ഥാനത്ത് ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെയാണ് ഇപ്പോള്‍ ഈ ഹരജി പൊടുന്നനെ ഉയര്‍ന്നുവന്നിരിക്കുന്നത്.
പുതിയ സര്‍ക്കാരിന് ദാരയോട് അനുഭാവമുണ്ടെന്നും അതില്‍ നിന്ന് അനുകൂലമായ പ്രതികരണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം ഹരജി നല്‍കിയതെന്നുമുള്ള സംശയം ഉണ്ട്,’ മയൂര്‍ഭഞ്ച് സ്വദേശിയായ മുന്‍ ബിജു ജനതാദള്‍ (ബി.ജെ.ഡി) എം.എല്‍.എ രാജ്കിഷോര്‍ ദാസ് പറഞ്ഞു. ഹരജി കൊടുത്തിരിക്കുന്ന സമയം തീര്‍ത്തും സംശയാസ്പദമാണെന്ന് ജയ്പൂരിലെ കോണ്‍ഗ്രസ് എം.എല്‍.എ താരാ പ്രസാദ് വഹ്നിപതിയും പറഞ്ഞു.
ഒഡീഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി, നേരത്തെ ഒഡീഷ നിയമസഭയില്‍ പ്രതിപക്ഷ ചീഫ് വിപ്പായിരുന്ന സമയത്ത് സിങ്ങിനെ ജയില്‍ മോചിതനാക്കണമെന്ന ആവശ്യത്തിന് പിന്തുണ നല്‍കിയിരുന്നു. മോചനം അവശ്യപ്പെട്ട് അന്ന് മാജി ധര്‍ണ നടത്തിയിരുന്നു. ഇക്കാര്യങ്ങളെല്ലാം പറഞ്ഞുകൊണ്ട് ശക്തമായ വിമര്‍ശനങ്ങളാണ് നിലവില്‍ പ്രതിപക്ഷം ഹരജിക്കെതിരെ ഉന്നയിക്കുന്നത്.
സ്റ്റെയിന്‍സ് കേസിന് പുറമേ, 1999 ഓഗസ്റ്റില്‍ മയൂര്‍ഭഞ്ച് ജില്ലയിലെ പാഡിയബേഡ ഗ്രാമത്തില്‍ നിന്നുള്ള എസ്.കെ. റഹ്മാന്‍ എന്ന മുസ്ലിം വ്യാപാരിയെ കൊലപ്പെടുത്തിയ കേസിലും ജമുബാനി ഗ്രാമത്തില്‍ വെച്ച് 35 കാരനായ കത്തോലിക്ക പുരോഹിതന്‍ അരുള്‍ ദോസിനെ കൊലപ്പെടുത്തിയ കേസിലും ദാര കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിരുന്നു.2022 ഏപ്രില്‍ 19 ലെ നയത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള യോഗ്യതാ കാലയളവിനേക്കാള്‍ കൂടുതല്‍ (14 വര്‍ഷത്തെ തടവ്) തടവ് ഇതിനകം അനുഭവിച്ചിട്ടുണ്ടെന്നും കൂടാതെ 24 വര്‍ഷത്തിലധികം യഥാര്‍ത്ഥ തടവ് (മോചനം കൂടാതെ) അനുഭവിച്ചിട്ടുണ്ടെന്നും സിങ് പറഞ്ഞു.