X

ഇസ്‌ലാംമതം സ്വീകരിച്ച ദളിത് യുവാവിന് ബജ്‌റങ് ദള്‍ പ്രവര്‍ത്തകരുടെ മര്‍ദ്ദനം; തൊപ്പിയും താടിയും നിര്‍ബന്ധിച്ച് നീക്കി ഘര്‍വാപ്പസി

ഷാംലി: ദളിതുകള്‍ക്കും മുസ്‌ലിംകള്‍ക്കും നേരെയുള്ള സംഘ്പരിവാര്‍ ആക്രമണം വീണ്ടും. ഉത്തര്‍പ്രദേശിലെ ഷാംലിയില്‍ ഇസ്‌ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ദളിത് യുവാവിന് നേരെ ബജ്‌റങ് ദള്‍ പ്രവര്‍ത്തകരുടെ മര്‍ദ്ദനം. പവന്‍കുമാര്‍ എന്ന യുവാവിനാണ് ക്രൂരമര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചുകഴിഞ്ഞു.

 

മൂന്നു ദിവസങ്ങള്‍ക്കു മുമ്പാണ് പവന്‍കുമാര്‍ ഇസ്‌ലാം മതത്തില്‍ ആകൃഷ്ടനായി മതംമാറുന്നത്. തലയില്‍ തൊപ്പി ധരിച്ചായിരുന്നു പിന്നീട് നടന്നിരുന്നത്. സമീപത്തെ മദ്രസയില്‍ നിന്നുള്ള പ്രേരണ കൊണ്ടാണ് പവന്‍കുമാര്‍ ഇസ്‌ലാം സ്വീകരിച്ചതെന്നായിരുന്നു ബജ്‌റങ് ദള്‍ പ്രവര്‍ത്തകരുടെ ആരോപണം. എന്നാല്‍ ഇന്റര്‍നെറ്റില്‍ നിന്നും ഒരുപാട് തവണ ഇസ്‌ലാമിനെക്കുറിച്ച് പഠിച്ചുവെന്നും അതിന്റെ അടിസ്ഥാനത്തിലാണ് താന്‍ മതംമാറിയതെന്നും ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പവന്‍കുമാര്‍ പറഞ്ഞു. മതംമാറ്റത്തിന് തന്നെയാരും പ്രേരിപ്പിച്ചിട്ടില്ല. തനിക്ക് മുസ്‌ലിമായി തുടരാനാണ് ആഗ്രഹം. എന്നാല്‍ തന്നെ ബജ്‌റങ് ദള്‍ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയാണെന്നും ബലമായി താടിയെടുക്കാന്‍ നിര്‍ബന്ധിക്കുകയാണെന്നും പവന്‍കുമാര്‍ വ്യക്തമാക്കി. തിരിച്ച് ഘര്‍വാപ്പസി നടത്തണമെന്നും അക്രമികള്‍ ആവശ്യപ്പെട്ടതായി പവന്‍കുമാര്‍ പറയുന്നു.

പവന്‍കുമാറിന്റെ തലയില്‍ നിന്നും തൊപ്പി നീക്കുന്നതും നിര്‍ബന്ധിച്ച് താടി ഷേവ് ചെയ്യുന്നതും ദൃശ്യങ്ങളില്‍ കാണാം. തിരിച്ച് ഹിന്ദുമതത്തിലേക്ക് ഘര്‍വാപ്പസി നടത്തുകയാണ് അക്രമികള്‍. അതേസമയം, സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കാന്‍ പവന്‍കുമാര്‍ തയ്യാറായിട്ടില്ല. ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തിട്ടില്ലെന്നും തൊപ്പി ഇഷ്ടം കൊണ്ട് ധരിച്ചതാണെന്നും പവന്‍കുമാര്‍ പറഞ്ഞതായി ഷാംലി എസ്.പി ദേവരാജന്‍ പറയുന്നു. എന്നാല്‍ സംഭവത്തില്‍ പരാതി നല്‍കാത്തതിനാല്‍ കേസെടുക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് പൊലീസ്.

chandrika: