X
    Categories: indiaNews

‘ഭീകര സംഘടന’യെ ഭയം; ബജ്‌റംഗദള്‍ വംശീയത പരത്തുന്നത് ഫെയ്‌സ്ബുക്ക് കണ്ടില്ലെന്ന് നടിച്ചു; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

ഡല്‍ഹി: തീവ്ര ഹിന്ദുവലതുപക്ഷഗ്രൂപ്പ് ബജ്‌റംഗദള്‍ വംശീയത പ്രചരിപ്പിക്കുമ്പോള്‍ സുരക്ഷാനയങ്ങളില്‍ ഫെയ്‌സ്ബുക്ക് കമ്പനി വെള്ളംചേര്‍ക്കാറുണ്ടെന്ന് വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ട്. ഫെയ്‌സ്ബുക്കിന്റെ സുരക്ഷാസംഘം ഭീകര സംഘടനയായി അടയാളപ്പെടുത്തിയ ബജ്‌റംഗദളിനെ തടയുന്നത് കമ്പനിയുടെ വളര്‍ച്ചയെയും ജീവനക്കാരുടെ സുരക്ഷയേയും ബാധിക്കുമെന്ന ന്യായം പറഞ്ഞ് വിട്ടുവീഴ്ച്ചകള്‍ ചെയ്തുനല്‍കിയതായാണ് റിപ്പോര്‍ട്ട്. ബിജെപി ഭരിക്കുന്ന ഇന്ത്യയില്‍ ബിസിനസ് വളര്‍ത്താന്‍ ഫെയ്‌സ്ബുക്ക് കമ്പനി ബജ്‌റംഗദളിന് സര്‍വ്വസ്വാതന്ത്ര്യവും അനുവദിച്ചെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ട് ഞായറാഴ്ച്ചയാണ് പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ പുറത്തുവിട്ടത്.

രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുമായി ബന്ധമുള്ളതിനാല്‍ ബജ്‌റംഗദളിനെ നിയന്ത്രിക്കുന്നത് ബിസിനസിന് ഗുണം ചെയ്യില്ലെന്ന് ഫേസ്ബുക്ക് കമ്പനി വിലയിരുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ബജ്‌റംഗദള്‍ അതിതീവ്രമായ വംശീയപരാമര്‍ശങ്ങളാണ് ഫെയ്‌സ്ബുക്ക് പ്ലാറ്റ്‌ഫോമിലൂടെ നടത്തുന്നതെന്ന് ഉത്തമബോധ്യമുണ്ടായിട്ടും ഫെയ്‌സ്ബുക്ക് തടഞ്ഞില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

2.5 ലക്ഷം പേര്‍ കണ്ട ഒരു പള്ളി തകര്‍ക്കല്‍ വീഡിയോ സൂക്ഷമമായി പരിശോധിച്ചശേഷമാണ് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഫേസ്ബുക്ക് സുരക്ഷാചട്ടങ്ങള്‍ നിരവധിതവണ ലംഘിച്ച ബജ്‌റംഗദള്‍ തങ്ങളുടെ ഉദ്യോഗസ്ഥരെ ആക്രമിക്കുമെന്നുപോലും ഭയപ്പെടുന്നതായി ഫെയ്‌സ്ബുക്ക് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള വംശീയഅധിക്ഷേപങ്ങള്‍ക്ക് ഫെയ്‌സ്ബുക്ക് അക്ഷരാര്‍ഥത്തില്‍ വളംവെച്ചുകൊടുക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

ഫെയ്‌സ്ബുക്ക് ഇന്ത്യയില്‍ ബിജെപിയോട് ചായ്‌വ് പ്രകടിപ്പിക്കുന്നുണ്ടെന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ തന്നെ കഴിഞ്ഞ ഓഗസ്റ്റ് മാസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫെയ്‌സ്ബുക്ക് ഇന്ത്യയുടെ ഉന്നത ഉദ്യോഗസ്ഥരെ തന്നെ ഉദ്ധരിച്ചുകൊണ്ടായിരുന്നു അന്നത്തെ റിപ്പോര്‍ട്ട്.

 

Test User: