പി.റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി (മലപ്പുറം): കൂട്ടിലങ്ങാടി പഞ്ചായത്ത് മൊട്ടമ്മല്‍ പതിനെട്ടാം വാര്‍ഡില്‍ മെരുവിന്‍കുന്നിലെ പൊന്‍കുളത്തില്‍ ചാത്തനും കുടുംബവും വാര്‍ധക്യകാലത്ത് ഇനി ബൈത്തുറഹ്മയുടെ തണലില്‍ സുരക്ഷിതമായി അന്തിയുറങ്ങും.
ചാത്തന്റെ കുടുംബത്തിന് വാര്‍ഡ് മുസ്‌ലിംലീഗ് കമ്മിറ്റി നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ദാനം ഓണ സമ്മാനമായി തിങ്കളാഴ്ച നടക്കും.
കൂട്ടിലങ്ങാടി കടവിലെ മുന്‍ മണല്‍ തൊഴിലാളിയായിരുന്ന എസ്‌സി വിഭാഗത്തില്‍പ്പെട്ട ചാത്തന് ഭാര്യയും 3 പെണ്‍മക്കളുമാണുള്ളത്. പെണ്‍മക്കളെ വിവാഹം ചെയ്തയച്ചിട്ടുണ്ട്.
പ്രായാധിക്യവും വാര്‍ധക്യസഹജമായ രോഗങ്ങളും കാരണം ജോലിക്ക് പോകാന്‍ കഴിയാത്ത അവസ്ഥയിലാണ് ചാത്തന്‍.
74 കാരനായ ചാത്തനും 65 വയസ്സുള്ള രോഗിയായ ഭാര്യ മാണിയും വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച ചെറിയ ഓടിട്ട വീട്ടിലായിരുന്നു താമസം.
കാലപ്പഴക്കം കാരണം ചോര്‍ന്നൊലിച്ച് ഏതു നിമിഷവും തകര്‍ന്നു വീഴാവുന്ന അവസ്ഥയിലായിരുന്ന വീട് പുനര്‍നിര്‍മ്മാണത്തിന് പഞ്ചായത്ത് ലൈഫ് ഭവന പദ്ധതിയില്‍ നിന്ന് ധനസഹായം ലഭിക്കാന്‍ നിലവിലുള്ള വീട് പൊളിച്ച് നീക്കി പുതിയത് നിര്‍മ്മിക്കാന്‍ ഒട്ടേറെ സാങ്കേതിക തടസ്സങ്ങളുണ്ട്. ലിസ്റ്റില്‍ ഉള്‍പ്പെട്ടാല്‍ തന്നെ ധന സഹായത്തിന് ഏറെ കാലതാമസവും നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ ആവശ്യമായി വരുന്ന ബാക്കി തുക സ്വന്തമായി കണ്ടെത്താന്‍ സാധിക്കാത്തതിനാലും വീടിന്റെ സുരക്ഷിതമല്ലാത്ത അവസ്ഥയും മനസ്സിലാക്കി വാര്‍ഡ് മുസ്ലിം ലീഗ് കമ്മറ്റി ബൈത്തുറഹ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മ്മാണം ഏറ്റെടുക്കുകയായിരുന്നു.
700 ചതുരശ്ര അടിയില്‍ വരാന്തയും ഹാളും രണ്ടു കിടപ്പുമുറികളും അടുക്കളയും ഉള്‍പ്പെടെ ഏഴര ലക്ഷം രൂപ ചിലവില്‍ അഞ്ച് മാസം കൊണ്ടാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
വാര്‍ഡിലെ ഗ്രീന്‍ഗാര്‍ഡ് പ്രവര്‍ത്തകരുടെ സൗജന്യ സേവനവും നിര്‍മ്മാണ പ്രവൃത്തിയുടെ പല ഘട്ടങ്ങളിലും ഏറെ സഹായകരമായി. വാര്‍ഡ് കമ്മറ്റിയുടെ മൂന്നാമത്തെ ബൈത്തുറഹ്മയാണ് ഇത്.
23 ന് തിങ്കളാഴ്ച വൈകീട്ട് 4 മണിക്ക് ഓണസമ്മാനമായി മുസ്ലിം ലീഗ് സംസ്ഥാന ഉന്നതാധികാര സമിതിയംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വീട് കൈമാറും.