X

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഭഗവാനും ഇസ്‌ലാമും തമ്മിലുളള യുദ്ധം, ബി.ജെ.പി ഭഗവാന്‍ രാമന്റെ പാര്‍ട്ടി: വിവാദ പ്രസ്താവനയുമായി എം.എല്‍.എ

ലക്‌നൗ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് ഭഗവാനും ഇസ്‌ലാമും തമ്മിലുളള യുദ്ധമാകുമെന്ന് വര്‍ഗീയ പടര്‍ത്തുന്ന പരാമര്‍ശവുമായി ബി.ജെ.പി എം.എല്‍.എ രംഗത്ത്. ഉത്തര്‍പ്രദേശിലെ ഭായ്‌റിയിലെ ബിജെപി എംഎല്‍എ. സുരേന്ദ്ര സിങാണ് വിവാദ പരാമര്‍ശവുമായി രംഗത്ത് വന്നത്. ഉത്തര്‍പ്രദേശില്‍ ബ.ിജെ.പി സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ഭഗവാനും ഇസ്‌ലാമും ഇന്ത്യയും പാകിസ്താനും തമ്മിലുളള പോരാട്ടമാണ്. അതുകൊണ്ടാണ് സുഹൃത്തുക്കളേ ഞാന്‍ ചോദിക്കുന്നത്, ആര്‍ക്കൊപ്പമാണ് നിങ്ങള്‍ നിലക്കൊള്ളുക എന്ന്. ഇസ്‌ലാം ജയിക്കണോ ഭഗവാന്‍ ജയിക്കണോ എന്ന് നിങ്ങളുടേതാണ് തീരുമാനം. രണ്ട് പക്ഷത്തിന്റെ പോരാട്ടമാണിത്. ഒരു ഭാഗത്ത് ഇസ്‌ലാം അനുകൂലവാദികളും മറുവശത്ത് ഇന്ത്യയുടെ ഭാവിയുമാണ്. ഇനി നിങ്ങള്‍ തീരുമാനിക്കൂ,’ റാലിയില്‍ സുരേന്ദ്ര സിങ് പ്രസംഗിച്ചു.

‘നമ്മുടെ പ്രതിപക്ഷക്കാര്‍ ദേശ വിരുദ്ധരാണ്. അവരുടെ വിശ്വാസം ഇസ്‌ലാമിലും അറബ് രാഷ്ട്രങ്ങളിലുമാണ്. മറ്റ് ചിലരുടേത് ഇറ്റലിയിലും.നിങ്ങള്‍ കണ്ടിട്ടുണ്ടാകും ലോക്‌സഭയില്‍ ഇരിക്കാന്‍ സമയമില്ലാതെ രാഹുല്‍ ഗാന്ധി രണ്ടാഴ്ചയില്‍ ഒരിക്കല്‍ ഇറ്റലിയിലേക്ക് പോയത്. അദ്ദേഹത്തിന് നമ്മുടെ പാരമ്പര്യത്തിലല്ല, ഇറ്റലിയുടെ പാരമ്പര്യത്തിന് വേണ്ടി ചിലവഴിക്കാനേ സമയം ഉളളൂ. സുരേന്ദ്രസിങ് കൂട്ടിച്ചേര്‍ത്തു.

വിവാദ പരാമര്‍ശത്തെക്കുറിച്ച് പ്രമുഖ ചാനലിന്റെ ചോദ്യത്തിന് മറുപടിയായി അടുത്തവര്‍ഷത്തെ തെരഞ്ഞെടുപ്പ് ഹൈന്ദവ വിശ്വാസികളും ഇസ്‌ലാം വിശ്വാസികളും തമ്മിലുളള പോരാട്ടമാകുമെന്നാണ് ഞാന്‍ പറഞ്ഞത്. കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, ബിഎസ്പി എല്ലാവരും ഒരു വശത്തുണ്ടാകും. എന്നാല്‍ ഭഗവാന്‍ രാമന്റെ പാര്‍ട്ടി ബിജെപി മാത്രമായിരിക്കും മറുവശത്ത് സുരേന്ദ്ര സിങ് പ്രതികരിച്ചു.

chandrika: