കൊച്ചി: യൂട്യൂബര്‍ വിജയ് പി നായരെ മര്‍ദിച്ച കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും കൂട്ടുപ്രതികളായ രണ്ടു പേര്‍ക്കും മുന്‍കൂര്‍ ജാമ്യം. ഭാഗ്യലക്ഷ്മിയെക്കൂടാതെ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്കാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു വിജയ് പി നായരും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ അത് തെറ്റായ സന്ദേശം നല്‍കുമെന്നായിരുന്നു വിജയ് പി നായരുടെ വാദം. ഇത് തള്ളിയാണ് കോടതി നടപടി.
ജാമ്യാപേക്ഷയില്‍ വാദം കേട്ട കോടതി ഭാഗ്യലക്ഷ്മിയുടെയും മറ്റ് രണ്ട് പ്രതികളുടെയും നടപടിയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. നിയമം കൈയ്യിലെടുക്കുമ്പോള്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കാന്‍ തയ്യാറാകണമെന്നായിരുന്നു കോടതിയുടെ പരാമര്‍ശം.
നിയമവാഴ്ചയില്‍ വിശ്വാസമില്ലാത്തതു കൊണ്ടല്ലേ ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും അതിക്രമത്തിന് മുതിര്‍ന്നതെന്ന് ഹൈക്കോടതി ചോദിച്ചു. സമൂഹത്തില്‍ മാറ്റം കൊണ്ടുവരാനുള്ള ശ്രമമാണെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്.