യുവവ്യവസായി പോള്‍ എം ജോര്‍ജിനെ നടുറോട്ടിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ എട്ടു പ്രതികളുടെ ജീവപര്യന്തം തടവ് ശിക്ഷ ഹൈക്കോടതി റദ്ദാക്കി. ഒമ്പത് പ്രതികളില്‍ ഒന്ന്, മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒന്‍പത് പ്രതികളുടെ ജീവപര്യന്തം ശിക്ഷ റദ്ദാക്കിയാണ് വെറുതെവിട്ടത്. രണ്ടാം പ്രതി കാരി സതീശ് അപ്പീല്‍ നല്‍കിയിരുന്നില്ല.
പോള്‍ മുത്തൂറ്റ് കൊല്ലപ്പെട്ട കേസ് സിബിഐയായിരുന്നു അന്വേഷിച്ചത്. കേസിലെ കൊലക്കുറ്റം റദ്ദാക്കിയാണ് ഹൈക്കോടതിയുടെ വിധി.
ഒന്നാം പ്രതി ജയചന്ദ്രന്‍, മൂന്നാം പ്രതി സത്താര്‍, നാലാം പ്രതി സുജിത്ത്, അഞ്ചാം പ്രതി ആകാശ്, ആറാം പ്രതി സതീഷ് കുമാര്‍, ഏഴാം പ്രതി രാജീവ് കുമാര്‍, എട്ടാം പ്രതി ഷിനോ പോള്‍, ഒന്‍പതാം പ്രതി ഫൈസല്‍ എന്നിവരുടെ ജീവപര്യന്തം തടവ് ശിക്ഷയാണ് റദ്ദാക്കിയത്. കൊലക്കുറ്റം നിലനില്‍ക്കില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികളുടെ ശിക്ഷ ഹൈക്കോടതി റദ്ദുചെയ്തത്.
തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് ഒന്‍പത് പ്രതികളേയും കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. കൊലക്കുറ്റം നിലനില്‍ക്കുമെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതിനെതിരെ പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. എന്നാല്‍ രണ്ടാം പ്രതി കാരി സതീശ് അപ്പീല്‍ നല്‍കിയില്ല. അപ്പീലിന്റെ അടിസ്ഥാനത്തിലാണ് എട്ട് പ്രതികളുടെ ശിക്ഷ കോടതി റദ്ദാക്കിയത്.