ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും കോടികളുടെ വായ്പ തട്ടിപ്പ് നടത്തിയതിനെ തുടര്‍ന്ന് യു.കെയില്‍ അറസ്റ്റിലായ നീരവ് മോദിയുടെ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി. കടുത്ത വിഷാദ രോഗം അനുഭവിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ചാണ് നീരവ് മോദി വീണ്ടും ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ ജാമ്യം നല്‍കിയാല്‍ രാജ്യം വിടാന്‍ സാധ്യതയുണെന്ന് വ്യക്തമാക്കിയാണ് ഹര്‍ജി കോടതി തള്ളിയത്. ഇത് അഞ്ചാം തവണയാണ് നീരവ് മോദിയുടെ ജാമ്യാപേക്ഷ കോടതി തള്ളുന്നത്.
അതേസമയം, താന്‍ ജയിലില്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയായെന്നും ജയിലില്‍ സുരക്ഷിതനല്ലെന്നും നീരവ് മോദി കോടതിയെ അറിയിച്ചു. തന്നെ ഇന്ത്യക്ക് കൈമാറിയാല്‍ സ്വയം ജീവനൊടുക്കുമെന്നും നീരവ് മോദി ഭീഷണി മുഴക്കി. ലണ്ടന്‍ നിയമപ്രകാരം നാല് തവണയും കോടതി ജാമ്യം നിഷേധിച്ചാല്‍ പുതിയ കാരണം നിരത്തി മാത്രമേ ജാമ്യപേക്ഷ സമര്‍പ്പിക്കാന്‍ കഴിയൂ. ഇത് ഉന്നംവച്ചാണ് നീരവ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നതെന്ന് നിയമ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.ഇതിനിടെ നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള ആലോചനകളും പുരോഗമിക്കുന്നുണ്ട്. നീരവ് മോദിയെ വിട്ടുനല്‍കിയാല്‍ ഏത് ജയിലിലായിരിക്കും തടവിലിടുന്നതെന്ന് സംബന്ധിച്ച് വിവരങ്ങള്‍ നല്‍കണമെന്ന് ലണ്ടന്‍ കോടതി ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,500 കോടി രൂപ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിയെ കഴിഞ്ഞ മാര്‍ച്ച് 19 നാണ് സ്‌കോര്‍ട്ട്‌ലന്‍ഡ് യാര്‍ഡ് അറസ്റ്റ് ചെയ്തത്. നിലവില്‍ ലണ്ടനിലെ വാന്‍സ്‌വര്‍ത്ത് ജയിലിലാണ് നീരവ് മോദി. നവംബര്‍ 11 വരെ നീരവ് ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.