സസ്‌പെന്‍സ് ക്ലൈമാക്‌സില്‍ കഥ അവസാനിപ്പിച്ച ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് പ്രേക്ഷകരുടെ അത്യുഗ്രന്‍ വരവേല്‍പ്പ്. 24 മണിക്കൂറിനുള്ളില്‍ ബാഹുബലി-2ന്റെ ട്രെയില്‍ കണ്ടത് 1.4 കോടി ആളുകള്‍. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് ഒരു ട്രയിലര്‍ ഇത്രത്തോളം തരംഗമാകുന്നത്.
ചിത്രത്തിന്റെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ട്രയിലറുകള്‍ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും തെലുങ്ക് പതിപ്പിനാണ് വന്‍ സ്വീകാര്യത. രാജമൗലിയുടെ സംവിധാന മികവ് എടുത്തുകാട്ടുന്നതാണ് രണ്ടാം ഭാഗവും. യൂടൂബില്‍ ട്രയിലര്‍ വന്ന് ഏഴു മണിക്കൂറിനുള്ളില്‍ ഒരു കോടിയിലധികം ആളുകള്‍ കണ്ടതു തന്നെയാണ് രാജമൗലിയുടെ സംവിധായക കുപ്പായത്തിന് നല്‍കുന്ന പ്രേക്ഷകരുടെ ആദരം.
തെലുങ്കാനയിലെ 41 തിയറ്ററുകളില്‍ രണ്ടു മിനിറ്റ് നീളുന്ന ട്രയിലര്‍ പ്രദര്‍ശിപ്പിച്ചും ചില ആരാധകര്‍ രാജമൗലിയെ ആദരിച്ചു. കൂടാതെ നഗരത്തില്‍ ഒമ്പതു കേന്ദ്രങ്ങളിലും ട്രയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന രീതിയിലാണ് ട്രയിലര്‍. പ്രഭാസിന്റെയും റാണ ദഗുബതിയുടെയും സംഘട്ടന രംഗങ്ങളാണ് കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്നത്. കൂടാതെ നായിക അനുഷ്‌ക ശര്‍മ്മയുടെ യുദ്ധവീര്യവും ട്രയിലറില്‍ അങ്ങിങ്ങായി പരന്നു കിടക്കുന്നു.
രമ്യ കൃഷ്ണന്‍, സത്യരാജ്, തമന്ന തുടങ്ങിയ പ്രധാന താരങ്ങളെല്ലാം ട്രയിലറില്‍ വന്നുപോകുന്നുണ്ട്.
ഒന്നാം ഭാഗത്തില്‍ ബാഹുബലിയെ കട്ടപ്പ എന്തിന് കൊന്നു എന്ന ചോദ്യം ഉയര്‍ന്നിരുന്നു. ഇതിന്റെ കാരണമറിയാനാണ് മിക്ക പ്രേക്ഷകരും വീഡിയോയിലൂടെ ശ്രമിച്ചതെന്നാണ് വിവരം. ജനങ്ങളെ നിരാശപ്പെടുത്താതിരിക്കാന്‍ ബാഹുബലിയുടെ കൊല എന്തിന് എന്ന ചോദ്യത്തിന് ചില സൂചനകളും രാജമൗലി ട്രയിലറില്‍ നല്‍കിയിട്ടുണ്ട്. ഏപ്രില്‍ 28നാണ് ബാഹുബലി 2 തിയറ്ററുകളിലെത്തുന്നത്.
Watch video: