മനാമ: ബഹ്‌റൈന്‍ പ്രധാനമന്ത്രി ഖലീഫ ബില്‍ സല്‍മാന്‍ അല്‍ ഖലീഫ (84) അന്തരിച്ചു. യുഎസിലെ മയോ ക്ലിനിക് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ഏതു അസുഖത്തിനാണ് ഇദ്ദേഹം ചികിത്സ തേടിയത് എന്നതില്‍ വ്യക്തതയില്ല. മരണം ബഹ്‌റൈന്‍ ന്യൂസ് ഏജന്‍സി സ്ഥിരീകരിച്ചു.
യുഎസില്‍ നിന്ന് മയ്യിത്ത് കൊണ്ടു വന്ന ശേഷം അന്തിമ കര്‍മങ്ങളില്‍ തീരുമാനമെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മരണത്തില്‍ ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
1971 ഓഗസ്റ്റ് പതിനഞ്ചിന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിന്, ഒരു വര്‍ഷം മുമ്പ് 1970 മുതല്‍ ബഹ്‌റൈന്‍ പ്രധാനമന്ത്രിയാണ് ഖലീഫ ബിന്‍ സല്‍മാന്‍. ആഗോള രാഷ്ട്രങ്ങളില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി പദത്തിലിരുന്ന നേതാവാണ് ഇദ്ദേഹം.
1935 നവംബര്‍ 24ന് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെയും ഭാര്യ മുഅസ്സ ബിന്‍ത് ഹമദ് അല്‍ ഖലീഫയുടെയും രണ്ടാമത്തെ മകനായാണ് ജനനം. 1950കള്‍ മുതല്‍ രാജ്യത്തിന്റെ വിവിധ കൗണ്‍സിലുകളില്‍ പ്രവര്‍ത്തിച്ച പരിചയ സമ്പത്തുമായാണ് അദ്ദേഹം പ്രധാനമന്ത്രി പദത്തിലെത്തിയത്. ഭാര്യ ഹെസ്സ ബിന്‍ത് അലി അല്‍ ഖലീഫ. മൂന്ന് മകനും ഒരു മകളുമുണ്ട്.