തിരുവനന്തപുരം: യൂട്യൂബറെ മര്‍ദ്ദിച്ച സംഭവത്തില്‍ ജാമ്യമയില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തതിനു പിന്നാലെ പ്രതികരണവുമായി ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി. സംഭവത്തില്‍ കേസെടുക്കുമെന്ന് നേരത്തെ അറിയാമായിരുന്നെന്നും താന്‍ രഹസ്യമായല്ല, പരസ്യമായി തന്നെയാണ് പ്രതികരിച്ചതെന്നും ഭാഗ്യ ലക്ഷ്മി പറഞ്ഞു.
ഞാന്‍ തലയില്‍ മുണ്ടിട്ട് ജയിലില്‍ പോകില്ല. ജാമ്യാമില്ല വകുപ്പ് പ്രകാരം കേസെടുത്താല്‍ നേരിടും. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ആരും പ്രതികരിച്ചില്ല. പൊലീസ് ഒരു ചെറുവിരല്‍ പോലും അനക്കിയില്ല. ഇങ്ങനെയുള്ളവര്‍ക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ ഇനിയും പരസ്യമായി പ്രതികരിക്കേണ്ടി വരുമെന്നും അവര്‍ പറഞ്ഞു.
യൂട്യൂബറെ മര്‍ദ്ദിച്ച സംഭവത്തില്‍ ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. മര്‍ദ്ദനമേറ്റ യൂട്യൂബര്‍ ഡോ.വിജയ് നായര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഭാഗ്യലക്ഷ്മിയെ കൂടാതെ ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരും പ്രതികളാണ്.