ലഖ്‌നൗ: ഭാഗ്പത് ജില്ലയിലെ രാമാലാ പൊലീസ് സ്റ്റേഷന്‍ ചുമതലയുള്ള എസ്‌ഐ ഇന്‍തിസാര്‍ അലിയെ യുപി പൊലീസ് പുറത്താക്കി. അനുമതിയില്ലാതെ താടി വച്ചു എന്ന് ആരോപിച്ചാണ് സബ് ഇന്‍സ്‌പെക്ടറെ സേനയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. താടി വടിക്കാന്‍ മൂന്നു തവണ എസ്‌ഐക്ക് എസ്പി നിര്‍ദേശം നല്‍കിയിരുന്നു എന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു. അവസാനഘട്ടത്തില്‍ താടി വടിക്കാന്‍ അനുമതി ചോദിച്ചെങ്കിലും അതനുവദിക്കാതെ ഇദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.
സഹാറന്‍പൂര്‍ സ്വദേശിയായ ഇന്‍തിസാര്‍ അലി മൂന്നു വര്‍ഷമായി ഭാഗ്പത് ജില്ലയിലാണ് ജോലി ചെയ്യുന്നത്. ലോക്ക്ഡൗണിന് മുമ്പാണ് ഇദ്ദേഹം രാമാലാ സ്റ്റേഷനില്‍ എസ്‌ഐ ആയി ചുമതലയേറ്റത്.
സിഖ് സമുദായാംഗങ്ങള്‍ക്കല്ലാതെ പൊലീസ് സേനയില്‍ ആര്‍ക്കും താടി വയ്ക്കാന്‍ അനുവാദമില്ലെന്ന് എസ്പി അഭിഷേക് സിങ് ദേശീയ മാധ്യമമായ ന്യൂസ് 18 നോട് പറഞ്ഞു. ആര്‍ക്കെങ്കിലും താടി വയ്ക്കണമെങ്കില്‍ സേനയില്‍ നിന്ന് അനുവാദം വാങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2019 മുതല്‍ താടി വയ്ക്കാനുള്ള അനുമതിക്കായി അപേക്ഷിച്ചിരുന്നു എന്നും എന്നാല്‍ ഡിപ്പാര്‍ട്‌മെന്റില്‍ നിന്ന് ഇതിനുള്ള അനുമതി ഇതുവരെ ലഭിച്ചില്ല എന്നും ഇന്‍തിസാര്‍ അലി വ്യക്തമാക്കി.