ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ വിമര്‍ശനവുമായി വിവാദ ബി.ജെ.പി നേതാവ് തജീന്ദര്‍പാല്‍ സിങ് ബഗ്ഗ. ആയിരം കേസെടുത്താലും കെജ്രിവാളിനെതിരായ നിലപാടില്‍ നിന്ന് പിന്മാറില്ലെന്ന് ബഗ്ഗ വെല്ലുവിളിച്ചു. ഭീകരനോടെന്ന പോലെയാണ് തന്നോട് പഞ്ചാബ് പൊലീസ് പെരുമാറിയതെന്നും യുവമോര്‍ച്ച ദേശീയ സെക്രട്ടറി കൂടിയായ ബഗ്ഗ കുറ്റപ്പെടുത്തി. വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ ബഗ്ഗയെ വെള്ളിയാഴ്ച ഡല്‍ഹിയിലെ വസതിയില്‍ നിന്ന് പഞ്ചാബ് പൊലീസ് കസ്റ്റഡിയിലെടുത്തത് നാടകീയ സംഭവങ്ങള്ക്കിടയാക്കിയിരുന്നു. തജീന്ദറിനെ പഞ്ചാബ് പൊലീസ് തട്ടിക്കൊണ്ടുപോകുകയായിരുന്നു എന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി പൊലീസ് എഫ്.ഐ.ആര് ഫയല്‍ ചെയ്യുകയും പഞ്ചാബ് പൊലീസ് സംഘത്തെ വഴിയില്‍ തടഞ്ഞ് ഹരിയാന പൊലീസ് തജീന്ദറിനെ മോചിപ്പിച്ച് ഡല്‍ഹി പൊലീസിന് കൈമാറുകയുമായിരുന്നു. തുടര്‍ന്ന് ജൂലൈ 5 വരെ ബഗ്ഗയെ അറസ്റ്റ് ചെയ്യരുതെന്ന് ഹരിയാന- പഞ്ചാബ് ഹൈക്കോടതി പഞ്ചാബ് പൊലീസിന് നിര്‍ദേശം നല്കി.