X

ബഗാനും മഞ്ഞപ്പടയും ഇന്ന് വീണ്ടും നേര്‍ക്കുനേര്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ഏ.ടി.കെ മോഹന്‍ ബഗാനോട് പകരം വീട്ടാന്‍ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്‌സിന് അവസരം. ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടന മല്‍സരത്തില്‍ 4-2 ന് ബഗാനോട് തകര്‍ന്ന ബ്ലാസ്‌റ്റേഴ്‌സ് അതിന് ശേഷം ഏറെ മെച്ചപ്പെട്ട് ഇപ്പോള്‍ പോയിന്റ് ടേബിളില്‍ നാലാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ കൊല്‍ക്കത്തക്കാര്‍ രണ്ടാമതാണ്. സെമി ഫൈനല്‍ സ്ഥാനം ഉറപ്പിക്കാന്‍ രണ്ട് പേര്‍ക്കും വിജയം നിര്‍ബന്ധമായതിനാല്‍ ഇന്നത്തെ അങ്കം നിര്‍ണായകമാണ്. അവസാന മല്‍സരത്തില്‍ ഈസ്റ്റ് ബംഗാളിനെ ഒരു ഗോളിന് തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് മഞ്ഞപ്പട. പക്ഷേ തുടര്‍ച്ചയായി മൂന്ന് വിജയങ്ങളുമായി പഴയ കരുത്തിലേക്ക് തിരികെ വന്നിരിക്കുന്നു ബഗാന്‍. ഇന്ത്യന്‍ താരങ്ങളായ ലിസ്റ്റണ്‍ കൊളോസോ, മന്‍വീര്‍ സിംഗ് എന്നിവരാണ് നിലവില്‍ അവരുടെ തുരുപ്പ് ചീട്ടുകള്‍. പ്രധാന വിദേശ താരങ്ങളായ റോയ് കൃഷ്ണ, ഹ്യൂഗോ ബോമസ്, ഡേവിഡ് വില്ല്യംസ് എന്നിവര്‍ ഇന്ന് കളിക്കുന്നില്ല എന്നത് ബ്ലാസ്‌റ്റേഴ്‌സിന് ആശ്വാസമാണ്. ഇപ്പോഴും പരുക്കിന്റെ പിടിയിലാണവര്‍.

മഞ്ഞപ്പടയില്‍ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ആര്‍ക്കുമില്ല. മുന്‍നിരയില്‍ ജോര്‍ജ് പെരേര, അല്‍വാരോ വാസ്‌ക്കസ്, അഡ്രിയാന്‍ ലൂന ത്രയം കരുത്തരാണ്. അവസാന മല്‍സരത്തില്‍ ഇവര്‍ പഴയ ഫോമിലേക്ക് തിരികെ വന്നതാണ് കോച്ച് വുകുമനോവിച്ചിന് ആശ്വാസം. സെന്റര്‍ ബാക് മാര്‍കോ ലെസ്‌കോവിച്ച് ടീമില്‍ തിരികെയെത്തുമ്പോള്‍ ഈസ്റ്റ് ബംഗാളിനെതിരെ ഗോള്‍ നേടിയ എനസ് സിപോവിച്ചിന് അവസരം നല്‍കുമോ എന്നതാണ് ചോദ്യം. നാല് വിദേശ താരങ്ങള്‍ക്ക് മാത്രം അവസരമുള്ളപ്പോള്‍ ആരെയെല്ലാം കളിപ്പിക്കണമെന്ന കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കുമെന്ന് കോച്ച് വ്യക്തമാക്കി. പോയിന്റ് ടേബിളില്‍ ആദ്യ ഏഴ് സ്ഥാനക്കാര്‍ക്ക് ഇപ്പോഴും സെമി സാധ്യത നിലനില്‍ക്കുമ്പോല്‍ ഇനിയുള്ള മല്‍സരങ്ങളെല്ലാം നിര്‍ണായകമാണ്. തോല്‍ക്കാന്‍ പാടില്ല എന്നത് തന്നെയാണ് പ്രധാനം. 15 മല്‍സരങ്ങളില്‍ നിന്ന് മഞ്ഞപ്പട നേടിയിരിക്കുന്നത് 26 പോയിന്റാണ്. ബഗാന്‍ 15 കളികളില്‍ നിന്ന് 29 ല്‍ നില്‍ക്കുന്നു. കേരളത്തിന്റെ കാവല്‍ക്കാരന്‍ പ്രഭ്ശുഖന്‍ ഗില്ലിന് ഇന്ന് പിടിപ്പത് പണി ഉറപ്പാണ്. വിദേശ മുന്‍നിരക്കാര്‍ ബഗാന്‍ അണിയില്‍ ഇല്ലെങ്കിലും രണ്ട് ഇന്ത്യക്കാര്‍ ഗോള്‍മുഖത്ത് വെല്ലുവിളിയാണ്. ഇതിനകം ഏഴ് ഗോളുകള്‍ നേടിയ ഗോവക്കാരന്‍ കൊളോസോയും അഞ്ച് ഗോളുകള്‍ സ്വന്തം പേരില്‍ കുറിച്ച മന്‍വീറും ഉഗ്ര ഫോമിലാണ്. മന്‍വീര്‍ തുടര്‍്ച്ചയായ മൂന്ന് മല്‍സരങ്ങളിലും സ്‌ക്കോര്‍ ചെയ്തു. റോയ് കൃഷ്ണക്കും ഡേവിഡ് വില്ല്യംസിനും ശേഷം തുടര്‍ച്ചയായി മൂന്ന് മല്‍സരങ്ങളില്‍ സ്‌ക്കോര്‍ ചെയ്യുന്ന മൂന്നാമത് താരമെന്ന ബഹുമതിയും ഇന്ത്യന്‍ മുന്‍നിരക്കാരനുണ്ട്. കോളോസോയവട്ടെ ഈ സീസണില്‍ 57 തവണയാണ് പന്ത് ഗോളിലേക്ക് ലക്ഷ്യം വെച്ചത്. മന്‍വീര്‍ 35 ഗോള്‍ ഷോട്ടുകളും പായിച്ചിട്ടുണ്ട്. ഗില്ലും നല്ല ഫോമില്‍ തന്നെ. കളിച്ച 12 മല്‍സരങ്ങളില്‍ അഞ്ചിലും അദ്ദേഹം ഗോള്‍ വഴങ്ങിയിട്ടില്ല. ആകെ പത്ത് ഗോളുകളാണ് ഇതിനകം അദ്ദേഹം വഴങ്ങിയത്. ഇന്നലെ ബെംഗളൂരു എഫ്.സി നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനോട് പരാജയപ്പെട്ടത് ബ്ലാസ്‌റ്റേഴ്‌സ് ഉള്‍പ്പെടെയുള്ളവര്‍ക്ക് അനുഗ്രഹമാണ്. സെമി സാധ്യത നിലനിര്‍ത്തിയ ടീമായിരുന്നു ബെംഗളൂരു. തുടക്കത്തില്‍ ഒരു ഗോള്‍ ലീഡ് നേടിയ ശേഷമാണ് അവര്‍ രണ്ട് വാങ്ങി തോറ്റത്.

Test User: